സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‍തും ടെലിവിഷൻ അവതാരകനായുമൊക്കെ പ്രേക്ഷകരുടെ പ്രിയം നേടിയ നടനാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്‍ക്കാനും ഗോവിന്ദ് പത്മസൂര്യ സമയം കണ്ടെത്താറുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെ പേര് വരച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു ചിത്രം കിട്ടുന്നത് എന്ന് ഗോവിന്ദ് പത്മസൂര്യ പറയുന്നു. ഗോവിന്ദൻ എന്നത് സൂചിപ്പിക്കാൻ ഗോപിക്കുറിയും ഓടക്കുഴലും പത്മം എന്നതിനെ സൂചിപ്പിക്കാൻ താമരയും സൂര്യ എന്നതിന് സൂര്യന്റെ ചിത്രവും ആണ് വരച്ചിരിക്കുന്നത്.

ഒരുപാട് സ്നേഹിതർ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ 'ഗോവിന്ദ് പത്മസൂര്യ' എന്ന പേര് ഒരാൾ വരച്ച് തരുന്നത് ഇത് ആദ്യമായിട്ടാണ്! "രൂപംപോലെതന്നെ മനോഹരമാണല്ലോ തന്റെ പേരും" എന്ന് ഇത് വരച്ചുതന്ന ദിവ്യച്ചേച്ചി സുഖിപ്പിച്ചപ്പോൾ ഒരു അഭിമാനമൊക്കെ തോന്നിയെങ്കിലും, ഈ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ക്രെഡിറ്റ്‌ എനിക്കുള്ളതല്ലല്ലോ അച്ഛനും അമ്മക്കും മാത്രം ഉള്ളതാണല്ലോ എന്ന് ഓർമ്മവന്നപ്പോൾ ആശ്വാസമായി എന്നാണ് ഇതിനെ കുറിച്ച് ഗോവിന്ദ് പത്മസൂര്യക്ക് പറയാനുള്ളത്.