മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപയാക്കാൻ തീരുമാനം. റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതയ്ക്കും കൂച്ചുവിലങ്ങിടും

ബംഗളുരു: സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. കർണാടകയിൽ സിനിമ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കിക്കൊണ്ടുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം. 

റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും കൂച്ചുവിലങ്ങിടും. വിനോദ നികുതി അടക്കം 200 രൂപയേ പരമാവധി ഒരു ടിക്കറ്റിന് ഈടാക്കാൻ പാടുള്ളു എന്ന തീരുമാനത്തിലാണ് ക‍ർണാടക സ‍ർക്കാർ. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും ഈ നിരക്ക് പരിധി ബാധകമായിരിക്കും. സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.