ഗുജറാത്തി നടൻ നരേഷ് കനോഡിയ അന്തരിച്ചു. 77 വയസായിരുന്നു. കൊവിഡ് ബാധിച്ചാണ് മരണം. അഹമ്മദാബാദ് യുഎൻ മേഹ്‍ത ഇൻസ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി നരേഷ് കനോഡിയയുടെ മരണത്തില്‍ അനുശോചിച്ചു. ഗുജറാത്ത് സിനിമയിലെ അമിതാഭ് ബച്ചൻ എന്ന് അറിയപ്പെടുന്നയാളാണ് നരേഷ് കനോഡിയ.

നരേഷ് കനോഡിയയുടെ സഹോദരനും സംഗീതജ്ഞനും ഗായകനുമായ മഹേഷ് കനോഡിയയും രണ്ട് ദിവസം മുമ്പ് അന്തരിച്ചിരുന്നു. 83 വയസായിരുന്ന അദ്ദേഹത്തിന്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.  നരേഷ് കനോഡിയയുടെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. ദുഖിതരായ കുടുംബത്തോടും ആരാധകരോടും അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

നരേഷ് കനോഡിയ ബിജെപി സീറ്റില്‍ ഗുജറാത്തില്‍ വിജയിച്ചിരുന്നു. സഹോദരൻ മഹേഷ് കനോഡിയ ബിജെപി സീറ്റില്‍ അഞ്ച് തവണ ഗുജറാത്തില്‍ നിന്ന് ബിജെപി എംപിയായിരുന്നു.

നരേഷ് കനോഡിയയും മഹേഷ് കനോഡിയയും ചേര്‍ന്ന് മഹേഷ്- നരേഷ് ആൻഡ് പാര്‍ടി എന്ന പേരില്‍ ഒരു ഓര്‍ക്കസ്ട്രയും വിജയകരമായി നടത്തിയിരുന്നു. നരേഷ് കനോഡിയയും മകൻ ഹിതു കനോഡിയയും ഗുജറാത്തി നടനും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമാണ്.