ഈ വര്‍ഷം ഫെബ്രുവരി 25നാണ് ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തിയത്

സൈജു കുറുപ്പിനെ (Saiju Kurup) ടൈറ്റില്‍ കഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്‍ത ഉപചാരപൂര്‍വ്വം ഗുണ്ട ജയന് (Upacharapoorvam Gunda Jayan) രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഗുണ്ട ജയന്‍ ഈ വര്‍ഷം ഫെബ്രുവരി 25നാണ് തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും ചിത്രം എത്തിയിരുന്നു.

സൈജു കുറുപ്പിന്‍റെ കരിയറിലെ നൂറാം ചിത്രമായിരുന്ന ഗുണ്ട ജയന്‍റെ നിര്‍മ്മാണം വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നായിരുന്നു. രാജേഷ് വര്‍മ്മയുടേതായിരുന്നു രചന. ജോണി ആന്‍റണി, സാബുമോന്‍ അബ്‍ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും അഭിനയിച്ചു.

തിരക്കഥയുടെ കൈയെഴുത്ത് കോപ്പിയുടെ ആദ്യ പേജിനൊപ്പമാണ് അരുണ്‍ വൈഗ രണ്ടാം ഭാഗത്തിന്‍റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അസ്‍കര്‍ അലി, അതിദി രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2017ല്‍ പുറത്തെത്തിയ ചെമ്പരത്തിപ്പൂ ആയിരുന്നു അരുണിന്‍റെ സംവിധാന അരങ്ങേറ്റം. 

വിജയ് സേതുപതി വീണ്ടും മലയാളത്തില്‍; '19 വണ്‍ എ' ഡയറക്റ്റ് ഒടിടി റിലീസ്

പുതുതലമുറ തമിഴ് നടന്മാരില്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി (VijaySethupathi). ഇപ്പോഴിതാ വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 19 1 എ ആണ് ആ ചിത്രം. 2020 നവംബറില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം എത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.

ALSO READ : 'കുഞ്ഞില കാണിച്ചത് കുട്ടികളുടെ വികൃതി'; പ്രതികരണവുമായി രഞ്ജിത്ത്

വിജയ് സേതുപതിക്കൊപ്പം നിത്യ മേനനാണ് (Nithya Menen) ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.