ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍. പ്രകാശ് കുമാറിന്‍റെ ഭാര്യയും ഗായികയുമായ സൈന്ധവി 19നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആരാധകരും അഭ്യുദയകാംക്ഷികളും ആശംസകള്‍ നേരുന്നതിനിടെ പ്രകാശ് കുമാര്‍ തന്‍റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചു.

"19ന് ഒരു രാജകുമാരി എത്തി. നിങ്ങള്‍ എല്ലാവരുടെയും ആശംസകളും അനുഗ്രഹങ്ങളും വേണം", പ്രകാശ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രസ്തുത ട്വീറ്റില്‍ ഭാര്യ സൈന്ധവിയെ ടാഗ് ചെയ്‍തിട്ടുമുണ്ട്.

2013ലായിരുന്നു ഇരുവരുടെയും വിവാഹം. സ്‍കൂള്‍ കാലം മുതല്‍ ആരംഭിച്ച പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. തമിഴ് സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകനും വളര്‍ന്നുവരുന്ന അഭിനേതാവുമാണ് പ്രകാശ് കുമാര്‍ ഇപ്പോള്‍. അതേസമയം പിന്നണി ഗായിക എന്നതിനപ്പുറം കര്‍ണാടക സംഗീതത്തില്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സൈന്ധവി. 

സൂര്യ നായകനാവുന്ന സൂരറൈ പൊട്ര്, കങ്കണ നായികയാവുന്ന തലൈവി എന്നിവയാണ് പ്രകാശ് കുമാറിന്‍റെ സംഗീത സംവിധാനത്തില്‍ വരാനിരിക്കുന്ന വലിയ ചിത്രങ്ങള്‍. നടന്‍ എന്ന നിലയിലും അനേകം സിനിമകള്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. കാതലിക്ക യാരുമില്ലൈ, ആയിരം ജന്മങ്ങള്‍, ജയില്‍, ബാച്ചിലര്‍ എന്നിവയാണ് അവയില്‍ ചിലത്.