ആയോധന കലയും മുത്തശ്ശിക്കഥ പോലുള്ള ആഖ്യാനവും ചിത്രത്തിന് അവിടെ സ്വീകാര്യത നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. 2024 ജനുവരിയില്‍ പുറത്തെത്തിയ ചിത്രം ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രവുമായിരുന്നു. എന്നാല്‍ ലിജോയും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ മാസ് മാത്രം പ്രതീക്ഷിച്ചെത്തിയ ഭൂരിപക്ഷത്തിന് ചിത്രം രുചിച്ചില്ല. അതേസമയം ഗംഭീര അഭിപ്രായം പറഞ്ഞ ഒരു ചെറിയ ശതമാനം പ്രേക്ഷകരെയും നിരൂപകരെയും ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റൊരു പ്രേക്ഷകവൃന്ദത്തിന് മുന്നിലാണെന്ന് മാത്രം.
മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസ്
ഇന്ത്യയിലല്ല, മറിച്ച് ജപ്പാനിലാണ് വാലിബന്‍റെ പുതിയ റിലീസ്. ജാപ്പനീസ് മൊഴിമാറ്റ പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ഒരു മലയാള ചിത്രം ആദ്യമായാണ് ജാപ്പനീസിലേക്ക് മൊഴിമാറ്റി മികച്ച സ്ക്രീന്‍ കൗണ്ടോടെ ജപ്പാനില്‍ തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‍വര്‍ക്ക് ആണ് ജാപ്പനീസ് റിലീസിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ആയോധന കലയും മുത്തശ്ശി കഥയുടെ രീതിയിലുള്ള കഥ പറച്ചിലുമൊക്കെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ചിത്രത്തിന് സ്വീകാര്യത ഉണ്ടാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. ഇവിടെ ലഭിക്കാതിരുന്ന തരത്തിലുള്ള പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നാല്‍ വലിയ വാര്‍ത്തയാവും അത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും അത് സ്വാധീനിക്കും.
സമ്മിശ്ര പ്രതികരണങ്ങള്‍ വന്നതിനാല്‍ ഇന്ത്യന്‍ റിലീസില്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രം തനിക്ക് നഷ്ടമായിരുന്നില്ലെന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ഇനങ്ങളില്‍ ചിത്രത്തിന് മികച്ച തുക ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം രണ്ട് ഭാഗങ്ങളിലായി പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇനി ചെയ്യുന്നില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു. വാലിബന്‍റെ പരാജയം തന്നെ നിരാശയിലേക്ക് കൊണ്ടെത്തിച്ചിരുന്നെന്നും അതിനെ മറികടക്കാന്‍ മൂന്ന് ആഴ്ച എടുത്തെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.



