'കടസീല ബിരിയാണി' എന്ന തമിഴ് ചിത്രത്തിൽ ഹക്കീം അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

വളരെ ചരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് ഹക്കീം ഷാ. 'കടസീല ബിരിയാണി' എന്ന തമിഴ് ചിത്രത്തിൽ ഹക്കീം അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തുകൊണ്ട് മലയാളത്തിൽ അത്തരത്തിൽ കഥാമൂല്യമുള്ള വേഷങ്ങൾ ചെയ്തില്ല എന്ന ചോദ്യത്തിന് പ്രണയ വിലാസത്തിന് ശേഷമാണ് നല്ല കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയതെന്ന് പറയുകയാണ് ഹക്കീം ഷാ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷ് എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു ഹക്കീമിന്റെ പ്രതികരണം.

'പ്രണയ വിലാസത്തിന് ശേഷമാണ് കരിയറിൽ കൂടുതൽ അവസരങ്ങൾ വരുന്നത്. കൂടുതൽ ആൾക്കാരിലേക്ക് ഞാനെന്ന നടൻ റീച്ച് ആവുന്നതും ആ സിനിമയ്ക്ക് ശേഷമാണ്. തമിഴിൽ കടസീല ബിരിയാണി റിലീസ് ചെയ്തിട്ട് ആറു വർഷമാവുന്നു. അത് കണ്ടവരുടെ എണ്ണവും കുറവാണ്. നമ്മളിലെ ആക്ടറെ മറ്റുള്ളവർ മനസ്സിലാക്കണമെങ്കിൽ അതിന് ഒരു കോമേഷ്യൽ വിജയമാവുമ്പോൾ മാത്രമാണ്. പ്രണയ വിലാസം സംഭവിച്ചതിന് ശേഷമാണ് എനിക്ക് കൂടുതൽ അവസരങ്ങൾ വന്നു തുടങ്ങിയത്. അതിന് കാരണം ആ സിനിമ കോമേഷ്യൽ ശ്രദ്ധിക്കപ്പെട്ടു, ഒപ്പം അതിലെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കടസീല ബിരിയാണി കഴിഞ്ഞ് മുന്ന് വർഷങ്ങൾക്ക് ശേഷമാണ് പ്രണയ വിലാസം സംഭവിക്കുന്നത്. ഇതിനിടയിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ചെയ്തത്. എന്നാൽ പ്രണയ വിലാസത്തിന് ശേഷം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു.'- ഹക്കീം ഷായുടെ വാക്കുകൾ.

പ്രണയ വിലാസത്തിന് ശേഷമാണ് കരിയർ മാറിയത്- ഹക്കീം ഷാ | HAKIM SHA| ASIF ALI MIRAGE

നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസത്തിൽ രണ്ടു ഗെറ്റപ്പിൽ ഹക്കീം ഷാ എത്തിയിരുന്നു. പ്രായമായ ഗെറ്റപ്പിൽ എത്തിയ ഹക്കീം ഷായുടെ പ്രകടനം ഏറെ പ്രശംസീനിയമായിരുന്നു. ഹക്കീം ഷായ്ക്ക് പുറമെ അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം മിറാഷാണ് ഹക്കീമിന്റേതായി റീലിസിനൊരുങ്ങുന്ന ചിത്രം. ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന്റെ വേഷത്തിലാണ് ആസിഫ് അലി മിറാഷിൽ എത്തുന്നത്. അപർണ ബാലമുരളി, ഹന്നറെജി കോശി എന്നിവരാണ് മിറാഷിലെ മറ്റു വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എക്സ്പിരിമെന്റസ് , നാഥ്‌ എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.