വന്‍ ഹൈപ്പോടെ എത്തിയ ആന്‍റണി വര്‍ഗീസിന്‍റെ 'കാട്ടാളന്‍' എന്ന ചിത്രത്തില്‍ ഗായകന്‍ ഹനാന്‍ ഷായുടെ കഥാപാത്രത്തിന് ഡയലോഗ് ഇല്ലാത്തത് ചര്‍ച്ചയായിരുന്നു
വന്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് കാട്ടാളന്‍. ഉണ്ണി മുകുന്ദന് കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് തുറന്നുകൊടുത്ത മാര്‍ക്കോയുടെ നിര്‍മ്മാതാവിന്‍റെ അടുത്ത ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ ഒരു യുഎസ്പി. ഒപ്പം ആക്ഷന്‍ റോളുകളില്‍ എപ്പോഴും തിളങ്ങാറുള്ള ആന്‍റണി വര്‍ഗീസിന്‍റെ നായക വേഷവും. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. കാസ്റ്റിംഗില്‍ നിരവധി കൗതുകങ്ങളുമായാണ് ചിത്രം എത്തിയത്. അതിലൊന്നായിരുന്നു ഗായകന്‍ ഹനാന്‍ ഷായുടെ വേഷം. തിയറ്ററുകളില്‍ വലിയ ഓളമാണ് ഈ റോള്‍ സൃഷ്ടിച്ചത്. എന്നാല്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം ഈ കഥാപാത്രത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഥാപാത്രത്തിന് ഡയലോഗ് കൊടുത്തില്ല എന്നതായിരുന്നു അത്. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.
നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹനാന്‍ ഷായ്ക്ക് ഡയലോഗ് ഇല്ല എന്നത് ചിലര്‍ ട്രോള്‍ ആക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പോള്‍ ജോര്‍ജിന്റെ മറുപടി ഇങ്ങനെ- ഹനാന്‍ വന്നപ്പോഴേ അദ്ദേഹത്തോട് ആ കഥാപാത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. ഹനാന്‍ അത് ചെയ്യാന്‍ തയ്യാറായിട്ട് തന്നെയാണ് വന്നത്. ഡയലോഗ് ഇല്ല എന്നുള്ളത് ഓഡിയന്‍സിനെ എത്രത്തോളം അഫക്റ്റ് ചെയ്യും എന്നത് നമ്മള്‍ ആ സമയത്ത് ചിന്തിച്ചില്ല, സംവിധായകന്‍റെ മറുപടി. ഓണ്‍ലൈന്‍ മലയാളി ഇവെന്‍റ്സ് എന്ന യുട്യൂബ് ചാനലിനോടാണ് പോളിന്‍റെ പ്രതികരണം.
അതേസമയം ആഗോള ബോക്സ് ഓഫീലില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് 3.91 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്. ഇതില്‍ 3.47 കോടിയും കേരളത്തില്‍ നിന്നാണ്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ആഗോള ഓപണിംഗ് 9.02 കോടിയാണ്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്‍പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർ ദുഹാൻ സിങ്, പുഷ്‍പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

