രൺബീർ കപൂർ, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മർ ചിത്രത്തിനായി സംഗീതമൊരുക്കുന്നു എന്നതാണ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' 4000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രൺബീർ കപൂർ, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മർ ചിത്രത്തിനായി സംഗീതമൊരുക്കുന്നു എന്നതാണ്. ഇന്ത്യൻ സംഗീത ഇതിഹാസം എ. ആർ റഹ്മാനും ഹാൻസ് സിമ്മറോടൊപ്പം അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ ഹാൻസ് സിമ്മറെ കുറിച്ചും രാമായണ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് എ.ആർ റഹ്‌മാൻ. ഹാൻസ് സിമ്മർ വളരെ തിരക്കുള്ള ആളാണെന്നും, നിർമ്മാതാവ് സമയക്രമമനുസരിച്ച് എല്ലാവരുടെയും ഷെഡ്യൂളുകൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എ.ആർ റഹ്‌മാൻ പറയുന്നു.

"ഇത് ഞാൻ വ്യക്തിപരമായി ഏറ്റെടുത്ത ഏറ്റവും ആവേശകരമായ പ്രൊജക്ടുകളിൽ ഒന്നാണ്, അതിന്റെ വർക്കുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സംഗീതപരമായും സാംസ്‌കാരികപരമായും ഈ സിനിമ രൂപപ്പെടുന്നത് അഭിമാനകരമായ കാര്യമാണ്. ഹാൻസ് സിമ്മർ വളരെ തിരക്കുള്ള ആളാണ്, കൂടാതെ നമ്മുടെ നിർമ്മാതാവ് എല്ലാവരുടെയും ഷെഡ്യൂളുകൾ എങ്ങനെ ഏകോപിപ്പിക്കാമെന്നത് ചിന്തിച്ചുകൊണ്ടിരിക്കുന്നു! എല്ലാവരെയും ഒരേ സമയത്ത്, അതിലേറെ, ഒരേ സ്ഥലത്ത് ഒന്നിച്ചുകൂട്ടുക എന്നത് ഒരു ചെറുതല്ലാത്ത കഷ്ടപ്പാടാണ്." ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എ.ആർ റഹ്‌മാന്റെ പ്രതികരണം.

View post on Instagram

4000 കോടി ബജറ്റിൽ രാമായണ

അതേസമയം രൺബീര്‍ കപൂർ രാമനായെത്തുമ്പോൾ സീതയായി സായ് പല്ലവിയും രാവണനായി യാഷും ആണ് ചിത്രത്തിൽ എത്തുന്നത്. 500 മില്യൺ ​ഡോളർ, അതായത് 4000 കോടിയിലധികമാണ് സിനിമയുടെ നിർമാണ ചെലവെന്നാണ് നിർമ്മാതാവ് നമിത് നേരത്തെ പറഞ്ഞത്. രണ്ട് ഭാഗങ്ങൾക്കും കൂടിയുള്ള ബജറ്റാണിത്. ഇന്ത്യൻ ജനത ഒന്നടങ്കം കാത്തിരിക്കുന്ന ബി​ഗ് ബജറ്റ് സിനിമയാണിതെന്നും നമിത് പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റാണിത്. ജുറാസിക് വേൾഡ് റി ബർത്ത്, സൂപ്പർമാൻ എന്നീ ഹോളിവുഡ് സിനിമകളുടെ ബജറ്റിനെയും രാമായണ മറികടന്നിട്ടുണ്ട്. 180 മില്യണാണ് ജൂറാസിക് വേൾഡിന്റെ ബജറ്റ്. 225 മില്യണാണ് സൂപ്പർമാന്റേത്. ലോകോത്തര നിരവാരമുള്ള വിഎഫ്ക്സ് അടക്കമുള്ള കാര്യങ്ങളാണ് സിനിമയ്ക്കായി സജീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

കൊവിഡിന് ശേഷം ആയിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സണ്ണി ഡിയോള്‍, രവി ദുബേ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ശ്രീധര്‍ രാഘ രചന നിർവഹിക്കുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രദര്‍ശനത്തിനെത്തും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News