1600 കോടി രൂപ മുടക്കിയാണ് രാമായണ നിർമിക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടീം രാമായണ. രാമായണത്തിന്‍റെ കഥ പറയുന്ന ചിത്രം വരാൻ പോകുന്ന ഇന്ത്യൻ സിനിമകളിൽ വച്ചേറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തുന്നത് കൂടിയതാണ്. ബിഗ് ബജറ്റിനൊപ്പം വമ്പൻ ക്യാൻവാസിലുമാണ് രാമായണ ഒരുങ്ങുന്നത്. രൺബീര്‍ കപൂർ രാമനായെത്തുമ്പോൾ സീതയായി സായ് പല്ലവിയും രാവണനായി യാഷും ആണ് എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.
രാമായണ എങ്ങും ചർച്ചയാകുമ്പോൾ സിനിമയുടെ ബജറ്റ് സംബന്ധിച്ച വിവരങ്ങളും പുറത്തുവരികയാണ്. 1600 കോടി രൂപ മുടക്കിയാണ് രാമായണ നിർമിക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തികൊണ്ട് സിനിമയുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര. 500 മില്യൺ ഡോളർ, അതായത് 4000 കോടിയിലധികമാണ് സിനിമയുടെ നിർമാണ ചെലവെന്നാണ് നമിത് പറഞ്ഞത്. രണ്ട് ഭാഗങ്ങൾക്കും കൂടിയുള്ള ബജറ്റാണിത്. പ്രഖർ ഗുപ്ത എന്ന പോഡ്കാസ്റ്ററോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ ജനത ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണിതെന്നും നമിത് പറയുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റാണിത്. ജുറാസിക് വേൾഡ് റി ബർത്ത്, സൂപ്പർമാൻ എന്നീ ഹോളിവുഡ് സിനിമകളുടെ ബജറ്റിനെയും രാമായണ മറികടന്നിട്ടുണ്ട്. 180 മില്യണാണ് ജൂറാസിക് വേൾഡിന്റെ ബജറ്റ്. 225 മില്യണാണ് സൂപ്പർമാന്റേത്. ലോകോത്തര നിരവാരമുള്ള വിഎഫ്ക്സ് അടക്കമുള്ള കാര്യങ്ങളാണ് സിനിമയ്ക്കായി സജീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. കൊവിഡിന് ശേഷം ആയിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സണ്ണി ഡിയോള്‍, രവി ദുബേ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ശ്രീധര്‍ രാഘ രചന നിർവഹിക്കുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രദര്‍ശനത്തിനെത്തും.



