Asianet News MalayalamAsianet News Malayalam

Happy Birthday Jayaram : സത്യൻ അന്തിക്കാട് ചിത്രത്തില്‍ വീണ്ടും ജയറാം നായകനാകുമ്പോള്‍..

സ്ഥിരം നായകൻമാരില്‍ ഒരാളായ മോഹൻലാല്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പോയപ്പോഴാണ് ജയറാമിലേക്ക് സത്യൻ അന്തിക്കാട് ആദ്യമായി എത്തിയത്.
 

Happy Birthday Jayaram again to act in Sathyan Anthikad film
Author
Kochi, First Published Dec 10, 2021, 8:29 AM IST

മലയാളത്തിന്റെ ജനപ്രിയ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ജയറാം (Jayaram Birthday) എന്നായിട്ട് വര്‍ഷങ്ങളായി. കുടുംബപ്രേക്ഷകരുടെ നായകൻ എന്ന വിശേഷണവും ജയറാമിന്റെ അഭിനയജീവിതത്തിലെ പൊൻകിരീടമാണ്. ഇതുവരെയുള്ള ജയറാമിന്റെ അഭിനയ ജീവിതത്തില്‍ ജയങ്ങള്‍മാത്രമല്ല പരാജയങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഓരോ പരാജയവും പഴങ്കഥയാക്കി തിരിച്ചുവരുന്ന ചരിത്രമാണ് ജയറാമിന്റേത്. സത്യൻ അന്തിക്കാട് (Sathyan Anthikad) ചിത്രങ്ങളാണ് പലപ്പോഴും ജയറാമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാറുള്ളത്. കാലമെത്രയായാലും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടും ജയറാമും കൈകോര്‍ത്ത് എത്തിച്ചിട്ടുള്ളത്. സത്യൻ അന്തിക്കാട് ചിത്രത്തില്‍ ജയറാം നായകനാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഓരോ തവണയും പ്രേക്ഷകര്‍ ആകാംക്ഷഭരിതരാകുന്നതും അതുകൊണ്ടുതന്നെ.

സത്യൻ അന്തിക്കാട് ചിത്രത്തില്‍ ജയറാം ആദ്യമായി നായകതുല്യ വേഷവുമായി എത്തിയത് 'പൊൻമുട്ടയിടുന്ന താറാവി'ലാണ്. കേന്ദ്രസ്ഥാനത്ത് ശ്രീനിവാസൻ അഭിനയിച്ച ചിത്രം വൻ വിജയമായി മാറി.  'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും ജയറാം സത്യൻ അന്തിക്കാടിന്റെ സോളോ നായകനായി. 
സത്യൻ അന്തിക്കാട് ചിത്രത്തില്‍ ജയറാം നായകനായി നിറഞ്ഞാടിയപ്പോള്‍  'മഴവില്‍ക്കാവടി' എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറി. 

Happy Birthday Jayaram again to act in Sathyan Anthikad film

'തലയണമന്ത്രം' എന്ന ചിത്രത്തില്‍ നായകസ്ഥാനത്ത് അല്ലെങ്കില്‍ കേന്ദ്രകഥാപാത്രം ശ്രീനിവാസനായിരുന്നു. ജയറാമിനേക്കാള്‍ ശ്രീനിവാസനായിരുന്നു ചിത്രത്തില്‍ സ്‍കോര്‍ ചെയ്‍തത്. എന്നാല്‍ 'സന്ദേശ'മെന്ന ചിത്രത്തില്‍ ശ്രീനിവാസനും ജയറാമും മത്സരിച്ച് അഭിനയിച്ചു. ആക്ഷേപഹാസ്യ വിഭാഗത്തിലുള്ള ചിത്രങ്ങളില്‍മലയാളത്തില്‍ ഇന്നും 'സന്ദേശ'ത്തിനെ മറികടക്കാൻ മറ്റൊന്നിനായിട്ടില്ലെന്ന് പലരും വിലിയിരുത്തുന്നു.

'മൈഡിയര്‍ കുട്ടിച്ചാത്തനെ'ന്ന ചിത്രത്തില്‍ തിലകന് സപോര്‍ടീവായിട്ടായിരുന്നു ജയറാം എത്തിയത്. 'തൂവല്‍ക്കൊട്ടാരം' എന്ന ചിത്രത്തിലേക്ക് എത്തിയപ്പോള്‍ ജയറാം തന്നെ നായകനെന്ന് സത്യൻ അന്തിക്കാട് ഉറപ്പിച്ചു. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നായകൻമാരില്‍ ഒരാളായ മോഹൻലാല്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പോയപ്പോഴാണ് ജയറാം എന്ന ഒപ്ഷനിലേക്ക് എത്തിയത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലേക്കുള്ള ജയറാമിന്റെ തെരഞ്ഞെടുപ്പ് തെറ്റിയുമില്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ ജയറാം ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്‍ടിച്ചു. 'തൂവല്‍ക്കൊട്ടാരം' എന്ന ചിത്രം ഹിറ്റായതിന് തുടര്‍ന്ന് 1996 മുതല്‍ 2000 വരെയുള്ള തന്റെ നായകനായി സത്യൻ അന്തിക്കാട് ഒന്നൊഴികെ ജയറാമിനെ തന്നെയായിരുന്നു തെരഞ്ഞെടുത്തത്. 

Happy Birthday Jayaram again to act in Sathyan Anthikad film

'തൂവല്‍ക്കൊട്ടാരം', 'ഇരട്ടക്കുട്ടികളുടെ അച്ഛൻ', 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍', 'കൊച്ചുകൊച്ചു സന്തോഷങ്ങള്‍' എന്നീ തുടര്‍ച്ചകളില്‍ എല്ലാത്തിലും ജയറാം നായകനായി. ഒരാള്‍ മാത്രമെന്ന സിനിമയില്‍ മാത്രമാണ് 1996- 2000 കാലയളവില്‍ ജയറാമല്ലാതെ സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു നായകൻ (മമ്മൂട്ടി) എത്തിയത്. 2001ല്‍ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക'യില്‍ മറ്റൊരു നായകനെ പരീക്ഷിച്ച സത്യൻ അന്തിക്കാട് അടുത്ത ചിത്രത്തില്‍ തന്റെ സ്ഥിരം ഒപ്ഷനില്‍ തിരിച്ചെത്തി. 'യാത്രക്കാരുടെ ശ്രദ്ധയ്‍ക്ക്' (2002), 'മനസ്സിനക്കരെ' (2003) എന്നീ ചിത്രങ്ങളിലൂടെ സത്യൻ അന്തിക്കാടും ജയറാമും മെഗാ ഹിറ്റുകളൊരുക്കി. 2009ലും 2010ലും ചെയ്‍ത ചിത്രങ്ങളിലും സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി- 'ഭാഗ്യദേവത'യിലും, 'കഥ തുടരുന്നുവിലും.


പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മാത്രമല്ല, ജയറാം വൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതുമാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ളത്. മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായ മീര ജാസ്‍മിനാണ് നായികയാകുന്നതും. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Happy Birthday Jayaram again to act in Sathyan Anthikad film

വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍ കൂടി എന്നായിരുന്നു ജയറാം പറഞ്ഞത്. ഇങ്ങനെയുള്ള അത്ഭുതകരമായ ടീമിനൊപ്പം വീണ്ടും ഒന്നു ചേരാൻ സാധിച്ചതില്‍ വളരെയധികം സന്തോഷമെന്നും ജയറാം പറഞ്ഞു. സത്യൻ അന്തിക്കാടിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ജയറാം സന്തോഷം അറിയിച്ചത്.  ജയറാം തന്റെ ചിത്രത്തില്‍ വീണ്ടും നായകനാകുന്ന സന്തോഷം സത്യൻ അന്തിക്കാടും പങ്കുവെച്ചിരുന്നു.

സെൻട്രല്‍ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. കൊച്ചിയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

സത്യൻ അന്തിക്കാട് ചിത്രത്തെ കുറിച്ച് മീര ജാസ്‍മിനും ആവേശത്തോടെയായിരുന്നു പ്രതികരിച്ചത്. സത്യൻ അന്തിക്കാട് ചിത്രത്തില്‍ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോമുണ്ടെന്ന് മീര ജാസ്‍മിൻ പറഞ്ഞു. സത്യൻ അന്തിക്കാട് സിനിമ തന്നെയാണ് ഇതെന്നും എങ്കിലും പഴയവയുമായി താരതമ്യം ചെയ്യരുതെന്നും മീര ജാസ്‍മിൻ പറഞ്ഞിരുന്നു. സത്യൻ അന്തിക്കാട് ചിത്രം രണ്ടാം വരവില്‍ നല്ല തുടക്കമാകട്ടെ എന്നമായിരുന്നു മീര ജാസ്‍മിൻ പറഞ്ഞത്.

സത്യൻ അന്തിക്കാട് ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ ഇങ്ങനെ ഒരുപാടാണ്. ചിരിയും ചിന്തയുമെല്ലാമുള്ള ചിത്രം ആയിരിക്കും സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടില്‍ നിന്നുണ്ടാകുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമാകും ഇതെന്നും കരുതുന്നു. ജയറാം നായകനാകുന്ന ചിത്രങ്ങളുടെ വിവരങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios