Asianet News MalayalamAsianet News Malayalam

' മധുരപ്പതിനേഴില്‍ 92കാരി', ശബ്‍ദമാധുര്യത്തിന്റെ പര്യായമായ ലതാ മങ്കേഷ്‍കര്‍

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‍കര്‍ക്ക് ജന്മദിന ആശംസകള്‍.

Happy birthday singer Lata Mangshkar
Author
Kochi, First Published Sep 28, 2021, 10:40 AM IST

കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താൻ. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‍കര്‍ (Lata Mangeshkar) ആ ഗാനം ആലപിച്ചത്. ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‍കര്‍ സ്വന്തമെന്ന പോലെയാണ് മലയാളിക്ക്. മേരാ ദിൽ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ എത്തിയ ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.

ഇന്ന് 92 വയസ് തികയുകയാണ് ഇന്ത്യയുടെ വാനമ്പാടിക്ക്. കൗമാര ശബ്‍ദത്തിന്റെ മാധുര്യത്തോടെ ഇന്നും തുടരുകയാണ് ഇന്ത്യയുടെ പ്രിയ ഗായിക. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്‌ലേയും ഇന്ത്യയുടെ പ്രിയ ഗായികയായി മാറി.

അഭിനയമായിരുന്നു ആദ്യ തട്ടകം. അഞ്ചാം വയസു മുതല്‍ ലത തന്റെ അച്ഛന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു. ലത മങ്കേഷ്‍കറുടെ പതിമൂന്നാം വയസില്‍ അച്ഛൻ മരിച്ചു. കുടുംബത്തിനെ നോക്കാൻ ലത സിനിമാ അഭിനയം തുടങ്ങി. അത് പിന്നണി സംഗീതത്തിലേക്കും എത്തിച്ചു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്. സിനിമയില്‍ ഈ ഗാനമുണ്ടായിരുന്നില്ല. അതേവര്‍ഷം തന്നെ പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്‍തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം.  1948ല്‍ മജ്‍ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്‍ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ പ്രശസ്‍തിയിലേക്ക് എത്തിച്ചത്. ഇന്ത്യൻ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു തുടര്‍ന്നങ്ങോട്ട് ലതാ മങ്കേഷ്‍കര്‍. പേരും പെരുമയ്‍ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ച ഒട്ടേറെ ഗാനങ്ങള്‍ ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയില്‍ പിറന്നു. ശബ്‍ദം മോശമെന്ന് പറഞ്ഞ് തിരസ്‍ക്കരിച്ചവരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ലതാ മങ്കേഷ്‍കര്‍.

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെട്ട ഗായികയെ രാജ്യം അര്‍ഹിക്കുന്ന തരത്തില്‍ ആദരിച്ചിട്ടുമുണ്ട്. പ്രശസ്‍തമായ ഒട്ടുമിക്ക ചലച്ചിത്ര അവാര്‍ഡുകള്‍ ലതാ മങ്കേഷ്‍കറെ തേടിയെത്തി. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷൺ. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചു.

Follow Us:
Download App:
  • android
  • ios