'വിക്രം' എന്ന സിനിമയില്‍ താൻ അഭിനയിക്കാൻ കാരണമെന്തെന്ന് വ്യക്തമാക്കി ഹരീഷ് പേരടി ( Vikram).
'വിക്ര'ത്തിലെ ചെറിയ കഥാപാത്രം ചെയ്‍തതിനെ കുറിച്ച് മനസ് തുറന്ന് മലയാളി താരം ഹരീഷ് പേരടി. 'കൈതി'യിലെ 'സ്റ്റീഫൻരാജ്' 'വിക്രമി'ൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. കമലഹാസൻ എന്ന ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവുമുണ്ടായിരുന്നു. കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട് എന്നും ഹരീഷ് പേരടി എഴുതിയിരിക്കുന്നു (Vikram).
ഹരീഷ് പേരടിയുടെ കുറിപ്പ്
എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു.. തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് 'വിക്ര'മിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്‍തത് എന്ന്.. 'വിക്രം' കാണുന്നതിനുമുമ്പ് വീണ്ടും 'കൈതി' കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല.. 'കൈതി'യിലെ 'സ്റ്റീഫൻരാജ്' 'വിക്രമി'ൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം...ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം...പിന്നെ 'മദനോത്സവം' ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്..കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും.. കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്...Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം...കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട്..
'വിക്രം സൂപ്പര്‍', കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്
കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'വിക്രം' കണ്ട് ഇഷ്‍ടപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നൻ രജനികാന്ത് .
കമല്‍ഹാസനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്‍തിരിക്കുകയാണ് രജനികാന്ത് എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ എന്നാണ് വിക്രം ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ച് രജനികാന്ത് അഭിനന്ദനം അറിയിച്ചു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു, കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ ഫഹദ്, കാളിദാസ് ജയറാം, നരേൻ എന്നീ മലയാളി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
