കേരളത്തിന്‍റെ നിപ്പ അതിജീവനം പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത 'വൈറസി'ന് വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തില്‍ പരാമര്‍ശിക്കാതിരുന്നതിനെയാണ് ഹരീഷ് വിമര്‍ശിക്കുന്നത്. പിണറായിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കിയത് ചരിത്രനിഷേധമാണെന്നും അത് വരും തലമുറയോട് ചെയ്യുന്ന അനീതിയാണെന്നും ഹരീഷ് പേരടി ഫേസ്‍ബുക്കില്‍ കുറിച്ചു. 

ഹരീഷ് പേരടിയുടെ 'വൈറസ്' വിമര്‍ശനം

"ഏല്ലാ കഥാപാത്രങ്ങളും ഒറിജിനലായിട്ടും ശരിക്കും ഒറിജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരുപാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും. ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തുകൊണ്ടുതന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ. മഹാരാജാസിലെ എസ്എഫ്ഐക്കാരനായ നിങ്ങൾക്കുപോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക..?"

പശ്ചാത്തലമാക്കുന്ന വിഷയത്തിനൊപ്പം വമ്പന്‍ താരനിരകൊണ്ടും ശ്രദ്ധ നേടിയിരുന്നു വൈറസ്.  കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.