Asianet News MalayalamAsianet News Malayalam

സീരിയല്‍ എഴുതാനുള്ള അവസരത്തിനുവേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്: ഹരീഷ് പേരടി

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം

hareesh peradi criticizes state television award jury for commenting against television serials
Author
Thiruvananthapuram, First Published Sep 2, 2021, 10:50 AM IST
  • Facebook
  • Twitter
  • Whatsapp


നിലവാരമുള്ള എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ മികച്ച സീരിയലിനുള്ള അവാര്‍ഡുകള്‍ ഇത്തവണ ഇല്ലെന്നുപറഞ്ഞ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്കും പുസ്‍തകങ്ങള്‍ക്കും കുറൊസാവയുടെയോ പാവ്‍ലോ കൊയ്‍ലോയുടെയോ സൃഷ്‍ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

"ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകൾ കണ്ടുകൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്. നിങ്ങളുടെ മുന്നിൽ വന്ന സിരിയലുകൾ ജഡ്‍ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. പറഞ്ഞ പണിയെടുത്താൽ പോരെ. അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ? നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാൽസംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറൊസാവയുടെ സിനിമയുടെ നിലവാരമുണ്ടോ, കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ, എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്. പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പി ടി ഉഷയുടെ ഓട്ടത്തിന്‍റെ നിലവാരം ആരും പരിഗണിക്കാറില്ല. അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണ്ണർക്ക് പുച്ഛമായ, എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണ്ണരായ സീരിയൽ കലാകാരൻമാരെ വിലയിരുത്താൻ ഒരു യോഗ്യതയൂമില്ല. എന്‍റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്. ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറേക്കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്. സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ. അത്രയേയുള്ളൂ."

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ജൂറി അതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തി. വീടുകളില്‍ കുടുംബാഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പ്രോഗ്രാമുകളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ടെലിവിഷന്‍ അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios