മലയാളത്തിന്റെ അഭിമാനമായ നടനാണ് നെടുമുടി വേണു. അഭിനയത്തിന്റെ നെടുമുടി കയറിയ നടൻ എന്ന വിശേഷിപ്പിക്കപ്പെടുന്ന കലാകാരൻ. ഇന്നും നെടുമുടി വേണുവിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. നെടുമുടി വേണുവിന്റെ ജന്മദിനമാണ് ഇന്ന്. നെടുമുടി വേണുവിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുയാണ് നടൻ ഹരീഷ് പേരടി.

നമ്മുടെ ജൂറികളുടെ നിലവാരം മനസ്സിലാക്കാൻ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതം പരിശോധിച്ചാൽ മതി. ദേശീയ അവാർഡൊക്കെ വീട്ടുപടിക്കൽ കൊണ്ടു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷെ ഞങ്ങൾ അഭിനയ വിദ്യാർത്ഥികളുടെ പാഠപുസ്‍തകമായി വേണുവേട്ടന്റെ ഒരു പാട് പിറന്നാളുകൾ ഒരുപാട് തലമുറകൾ ഇനിയും ആഘോഷിക്കും. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്ന് ഹരീഷ് പേരടി പറയുന്നു. ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നെടുമുടി വേണുവിന് ലഭിച്ചിട്ടുണ്ട്. മാര്‍ഗത്തിന് ദേശീയതലത്തില്‍ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു. മിനുക്ക് എന്ന ഡോക്യുമെന്ററിയുടെ  വിവരണത്തിനും നെടുമുടി വേണുവിന് ദേശീയ അവാര്‍ഡ് ലഭിച്ചു. വിടപറയും മുമ്പേ എന്ന സിനിമയിലെയും മാര്‍ഗം എന്ന സിനിമയിലെയും അഭിനയത്തിന്  മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും  നെടുമുടി വേണുവിന്  ലഭിച്ചിട്ടുണ്ട്.