മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. സിനിമ റിലീസ് ചെയ്തിട്ട് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ മറ്റൊരു വിശേഷവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 

പുസ്തകത്തിന്റെ പോസ്റ്ററും ഔദ്യോഗികമായി റിലീസ് ചെയ്തു. മഞ്ജു വാരിയർ അടക്കമുള്ള താരങ്ങൾ പോസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു. ഒരു വലിയ വാണിജ്യ സിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. 

ഹരികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ‘ഒടിയൻ’ റിലീസ് ചെയ്തിട്ടു രണ്ടു വർഷം.

ഒരു വലിയ സിനിമയ്ക്ക്് അർഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമർശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി.

എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒാർമകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.

എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയൻ. പ്രിയപ്പെട്ടവരായ മോഹൻലാൽ, മഞ്ജു വാരിയർ, വി.എ. ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, പത്മകുമാർ, ഷാജി കുമാർ...

ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോൺ ലീനിയർ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.

സിനിമയ്ക്കുമുൻപേ തിരക്കഥ പ്രസാധനം ചെയ്യാൻ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്ക്രിപ്റ്റിനും ഡയലോഗുകൾക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയിൽവന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാർഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റെ‍ാരു കാരണമില്ല. )

ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാൾദിനത്തിൽ, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു.

നല്ല പുസ്തകങ്ങളുടെ നിർമിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോൺ ബുക്സ് ആണു പ്രസാധകർ. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനിൽ വേഗയുടെ പ്രസാധനമികവും ഡിസൈൻ വൈദഗ്ധ്യവും ഒടിയൻ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റർ അനിലിന്റെ വിരൽവരത്തിന്റെ മുദ്രയാണ്.

പുസ്തകത്തിന്റെ പ്രകാശനവിവരങ്ങൾ പിന്നീടറിയിക്കാം.