രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് നായകൻ.

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ പുതുവർഷത്തിൽ മകരവിളക്ക് ദിനമായ ജനുവരി 15 ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസും മലയാളത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച അജിത് വിനായക ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വാസവും ഉദ്വേഗവും അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യബന്ധങ്ങളും സമന്വയിപ്പിക്കുന്ന ‘ഹരിവരാസനം’ പ്രേക്ഷകർക്ക് തിയറ്ററിൽ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസന’ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാകും.

View post on Instagram
 

സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഭക്തിയും വിശ്വാസവും ഉദ്വേഗജനകമായ കഥപറച്ചിലും ഒത്തുചേരുന്ന ‘ഹരിവരാസനം’ മലയാള സിനിമയിൽ ശ്രദ്ധേയമായൊരു സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ – ആർ ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming