സംയുക്ത സമര സമിതി ചൊവ്വാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും പ്രസ്തുത സംഘടനകളുടെ നേതാക്കള്‍ക്കെതിരേ നിയമനടപടിക്ക് സാധ്യതുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹര്‍ഷദ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനെതിരെയാണ് നാളത്തെ ഹര്‍ത്താലെന്നും അതിന് നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ചിരിപ്പിക്കരുതെന്നും ഹര്‍ഷദ് ഫേസ്ബുക്കില്‍ കുറിച്ചു.

'മിസ്സര്‍ ബെഹറാ, ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനെതിരെയാണ് നാളെ ഹര്‍ത്താല്‍ സമരം നടക്കാന്‍ പോകുന്നത്. അതിന് നിയമം അനുവദിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കരുത്', ഹര്‍ഷദിന്റെ കുറിപ്പ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുപ്പതോളം സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയാണ് ചൊവ്വാഴ്ചത്തെ പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി തുടങ്ങി മുപ്പതോളം സംഘടനകളാണ് ഹര്‍ത്താലിന് പിന്തുണ നല്‍കിയിരിക്കുന്നത്. എന്നാല്‍ സിപിഎമ്മും മുസ്‌ലിം ലീഗും സുന്നി, മുജാഹിദ് വിഭാഗങ്ങളും ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന സാഹചര്യത്തില്‍ അതിനെ സഹായിക്കുന്ന ഒന്നല്ല ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ ഫലത്തില്‍ ബിജെപിയെ സഹായിക്കുമെന്നാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും സമാന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 

ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്‍പ് അനുമതി വാങ്ങിയിരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ അത്തരം അനുമതികള്‍ നേടാതെയുള്ള ഹര്‍ത്താലാണ് ചൊവ്വാഴ്ചത്തേതെന്നാണ് ഡിജിപിയുടെ പ്രസ്താവന. ഹര്‍ത്താലിനിടെ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്തം പ്രസ്തുത സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനെതിരേ ആയിരിക്കുമെന്നും ഡിജിപി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.