മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത്  ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹർഷവർദ്ധൻ രാമേശ്വർ. അർജുൻ റെഡ്ഢി, കബീർ സിംഗ്, ദുൽഖർ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ  സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രാമേശ്വർ. വിജേതാ, സാക്ഷ്യം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ഹർഷവർദ്ധൻ അജയ് ദേവ്ഗൻ നായകനായ തനാജിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ മാത്യൂസ്  തോമസാണ്.  സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ലേലം, വാഴുന്നോർ തുടങ്ങിയ സുരേഷ് ഗോപിയുടെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലേത് പോലെ കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരേ പോലെ ഇഷ്‍ടപ്പെടുന്ന ഒരു പക്കാ ഫാമിലി മാസ്സ് എന്റർടൈനറായിരിക്കും ചിത്രം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായനായി എത്തുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്ക് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹിന്ദി നടിയായിരിക്കും നായികയെന്നാണ് റിപ്പോർട്ട്.