ന്യൂയോര്‍ക്ക്: ആഗോള വിനോദ രംഗത്ത് 'മീ ടൂ' ആരോപണത്തിന് തുടക്കമിട്ട ലൈംഗിക അതിക്രമ കേസില്‍ ഹോളിവുഡ് സിനിമ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. ഹാര്‍വി വെയ്ന്‍സ്റ്റെനെതിരായ അഞ്ച് കേസുകളാണ് കോടതിയില്‍ എത്തിയത് ഇതില്‍ രണ്ട് കേസില്‍ ഇയാള്‍ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ജഡ്ജി ജെയിംസ് ബുര്‍ക്കെ  ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ് വിധിച്ചത്. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് ഹാര്‍വി വെയ്ന്‍സ്റ്റെന് ശിക്ഷ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘മീ ടൂ’ പ്രസ്ഥാനം ഉടലെടുത്തത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ  എൺപതിലേറെ സ്ത്രീകള്‍  വെയ്ൻസ്റ്റൈനെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. 

ഹോളിവുഡിലെ വന്‍ഹിറ്റുകളുടെ നിര്‍മ്മാതാവായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റെന്‍. മിറാമാക്സ് എന്ന ബാനറിലാണു വെയ്ൻസ്റ്റെയ്ൻ സിനിമള്‍ നിര്‍മ്മിച്ചത്. ഓസ്കർ പുരസ്കാരം നേടിയ വിഖ്യാത സംവിധായകൻ ക്വെന്റൈൻ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിർമിച്ചത് വെയ്ൻസ്റ്റെയ്നാണ്. മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ചു.