മുംബൈ: തുടര്‍ച്ചയായ ഹിറ്റുകള്‍ നേടുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍‌. ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന മിഷന്‍ മംഗല്‍ ആണ് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ അക്ഷയ് ചിത്രം. കേസരി അടക്കം അടുത്തിറങ്ങിയ പല പടങ്ങളും വന്‍ വിജയവും 100 കോടി ക്ലബും ഒക്കെ താരത്തിന് സമ്മാനിച്ചു. തുടര്‍ വിജയങ്ങളോടെ തന്‍റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് അക്ഷയ് എന്നാണ് റിപ്പോര്‍ട്ട്.

2012ല്‍ പ്രഭുദേവയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൗഡി റാത്തോറിനായി 27 കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയത്. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗത്തിനു തുടക്കമാകുമ്പോള്‍ അക്ഷയ് യുടെ പ്രതിഫലം 54 കോടിയില്‍ എത്തിയിരിക്കുന്നു. 

ഒന്‍പത് എന്ന നമ്പറിനോട് അക്ഷയ്ക്ക് വലിയ കമ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 444 കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള അക്ഷയ് ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. പട്ടികയില്‍ 33-ാം സ്ഥാനത്താണ് അക്ഷയ്. 

ഇതിനുപുറമേ  ഫര്‍ഹാദ് സാംജിയുടെ ഹൗസ്ഫുള്‍ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ്, സാംജിയുടെ തന്നെ ബച്ചന്‍ പാണ്ഡെ, ലോറന്‍സിന്‍റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വന്‍ശി, ജഗന്‍ ശക്തിയുടെ റീമേക്ക് ചിത്രം എന്നിവയാണ് അക്ഷയ് നായകനാകുന്ന മറ്റ് ചിത്രങ്ങള്‍.