കങ്കണ റണൌതിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് പരാതി. കങ്കണയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ഹംഗേറിയൻ ഫോട്ടോഗ്രാഫര്‍ ഫ്ലോറാ ബെര്‍സി പറയുന്നു.

കങ്കണ നായികയായ ജഡ്‍ജ്‍മെന്റല്‍ ഹൈ ക്യാ പോസ്റ്ററാണ് കോപ്പിയടി വിവാദത്തിലായത്. തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സിനിമയിലെ പോസ്റ്റര്‍ സാമ്യമുള്ളതാണെന്ന് വ്യക്തമാക്കി സാമൂഹ്യമാധ്യമത്തിലൂടെയാണ് ഫ്ലോറാ ബോര്‍സി എത്തിയിരിക്കുന്നത്. രണ്ട് ഫോട്ടോഗ്രാഫുകളും പോസ്റ്റ് ചെയ്‍താണ് കോപ്പിയടിയെ കുറിച്ച് ഫ്ലോറ പറയുന്നത്. എന്തെങ്കിലും സാമ്യതകളുണ്ടോ? പ്രശസ്‍ത ഹിന്ദി ചിത്രമായ ജഡ്‍ജ്‍മെന്റല്‍ ഹെ ക്യായുടെ പോസ്റ്ററാണ് ഇത്. അവര്‍ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്‍തിട്ടില്ല. ഫ്രീലാൻസ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്‍ടിക്കുന്നത് എന്ത് നാണക്കേടാണ്- ഫ്ലോറ പറയുന്നു. നിരവധി പേരാണ് ഫ്ലോറയെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുന്നതും.