Asianet News MalayalamAsianet News Malayalam

ദേശീയ അവാര്‍ഡ് ലക്ഷ്യമിട്ടാണോ വിദ്യാ ബാലൻ മിഷൻ മംഗളില്‍ അഭിനയിക്കുന്നത്; രസകരമായ മറുപടിയുമായി അക്ഷയ് കുമാര്‍

അവാര്‍ഡിനെക്കുറിച്ച് താൻ ആലോചിക്കാറില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പൊടുന്നനെയുള്ള മറുപടി.

Has Vidya Balan signed Mission Mangal for a National Award Akshay Kumar has the answer
Author
Mumbai, First Published Jul 20, 2019, 11:29 AM IST

ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളായി എത്തി വിസ്‍മിയിപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരവുമാണ് വിദ്യാ ബാലൻ. ദേശീയ അവാര്‍ഡിനു പുറമേ മികച്ച അഭിനയത്തിന് മറ്റ് അവാര്‍ഡുകളും വിദ്യാ ബാലൻ സ്വന്തമാക്കിയിട്ടുണ്ട്. ഏത് കഥാപാത്രമായി എത്തിയാലും വിദ്യാ ബാലൻ പ്രകടിപ്പിക്കുന്ന മികവ് പ്രേക്ഷകര്‍ നിരവധി തവണ കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമാകുന്ന മിഷൻ മംഗള്‍ ആണ് വിദ്യാ ബാലൻ അടുത്തതായി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം. മിഷൻ മംഗളില്‍ വിദ്യാ ബാലൻ അഭിനയിക്കാൻ തയ്യാറായത് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് കരുതുന്നതു കൊണ്ടാണോ എന്നായിരുന്നു ട്രെയിലര്‍ ലോഞ്ചിംഗിനിടെ ഉയര്‍ന്ന ഒരു ചോദ്യം. എന്നാല്‍ അവാര്‍ഡിനെക്കുറിച്ച് താൻ ആലോചിക്കാറില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പൊടുന്നനെയുള്ള മറുപടി. എന്നാല്‍ ചിത്രത്തിലെ നായകൻ അക്ഷയ് കുമാറിന്റേത് രസകരമായ മറ്റൊരു മറുപടിയായിരുന്നു.

വിദ്യാ ബാലൻ ജനിച്ചപ്പോള്‍ നഴ്‍സ് അവരുടെ കുടുംബത്തെ അഭിനന്ദിക്കുകയായിരുന്നു, എന്നിട്ട് പറഞ്ഞു ദേശീയ അവാര്‍ഡ് ലഭിക്കാൻ പോകുന്നുവെന്ന്- അക്ഷയ് കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം ട്രെയിലര്‍ ലോഞ്ചില്‍ വിദ്യാ ബാലൻ പറഞ്ഞിരുന്നു. ഐഎസ്ആര്‍ഒയുടെ വിജയകരമായ ചൊവ്വാ  ദൗത്യം സമൂഹവും സിനിമയും എല്ലാം ആഘോഷിക്കേണ്ടതാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്‍ടമായി. അക്കഥ പറയേണ്ടതുതന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സാധാരണ നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ നേട്ടം അങ്ങനെ ആഘോഷിക്കാറില്ല. എന്തായാലും നമ്മുടെ രാജ്യം എത്രമഹത്തരമാണെന്ന് ബോധ്യപ്പെടുത്തുന്ന കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നതില്‍ ഞാൻ സന്തോഷവതിയാണ്. ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ അറിഞ്ഞ കാര്യമുണ്ട്. അവരുടെ രാജ്യത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും എത്രത്തോളം അഭിമാനമുള്ളവരാണ് അവരെന്ന്. നമ്മുടെ സംസ്‍കാരവും, ചരിത്രവും, നമ്മുടെ നേട്ടങ്ങളുമെല്ലാം  മഹത്തരമാണ്. നമ്മള്‍ അത് ആഘോഷിച്ചു തുടങ്ങേണ്ടതുണ്ട്. നമ്മുടെ സിനിമകള്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിഷൻ മംഗളും അത്തരത്തിലുള്ള സിനിമയാണ്- വിദ്യാ ബാലൻ പറയുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വിദ്യാ ബാലനു പുറമേ തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് അവര്‍ വേഷമിടുന്നത്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.  ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios