Asianet News MalayalamAsianet News Malayalam

'ഇങ്ങനെയെങ്കില്‍ പിഎസ്‍സിയുടെ ജോലി എളുപ്പമാവും'; കമലിനെതിരെ ക്യാംപെയ്‍നുമായി കോണ്‍ഗ്രസ് നേതാക്കള്‍

കെ എസ് ശബരീനാഥന്‍ എംഎല്‍എയും പി സി വിഷ്ണുനാഥുമാണ് ഫേസ്ബുക്കില്‍ #ShameonyouKamal എന്ന പേരില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.
 

hashtag campaign against kamal by congress leaders
Author
Thiruvananthapuram, First Published Jan 12, 2021, 5:55 PM IST

ചലച്ചിത്ര അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമല്‍ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നിയമസഭയില്‍ പുറത്തുവിട്ടിരുന്നു. ഷാജി എച്ച്‌. (ഡെപ്യുട്ടി ഡയറക്ടര്‍- ഫെസ്റ്റിവല്‍), 2. റിജോയ്‌ കെ.ജെ (പ്രോഗ്രാം മാനേജര്‍-ഫെസ്റ്റിവല്‍) 3) എന്‍.പി സജീഷ്‌ (ഡെപ്യൂട്ടി ഡയറക്ടര്‍- പ്രോഗ്രാംസ്‌), 4. വിമല്‍ കുമാര്‍ വി.പി (പ്രോഗ്രാം മാനേജര്‍ - പ്രോഗ്രാംസ്‌) എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു കമലിന്‍റെ കത്ത്. ഇടതുപക്ഷാനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത്‌ ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന്‌ സഹായകമായിരിക്കുമെന്നും കമല്‍ കത്തില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ  പ്രസ്തുത വിഷയത്തില്‍  കമലിനെതിരെ ക്യാംപെയ്‍നുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കെ എസ് ശബരീനാഥന്‍ എംഎല്‍എയും പി സി വിഷ്ണുനാഥുമാണ് ഫേസ്ബുക്കില്‍ #ShameonyouKamal എന്ന പേരില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.

പി സി വിഷ്ണുനാഥിന്‍റെ കുറിപ്പ്

കമലിന്‍റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും...! കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം...

കെ എസ് ശബരീനാഥന്‍റെ കുറിപ്പ്

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്‍റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ  എല്ലാ മാനുഷികമൂല്യങ്ങളും  കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര  അക്കാദമിയിൽ  സ്ഥിരനിയമനം നൽകിയിരിക്കുകയാണ്. സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക്  എഴുതിയ ഫയലിലെ  വാക്കുകൾ നമ്മൾ  ശ്രദ്ധിക്കണം... "ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും". PSC ജോലി കിട്ടാതെ യുവാക്കൾ  ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും  താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണ്.

Follow Us:
Download App:
  • android
  • ios