ലോകമെങ്ങുമുള്ള 'ബാറ്റ്മാന്‍' ആരാധകരെ മുന്നില്‍ കണ്ട് പുതിയ സിരീസുമായി എച്ച്ബിഒ മാക്സ്. വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന സിനിമ 'ദി ബാറ്റ്മാന്‍റെ' സംവിധായകന്‍ മാറ്റ് റീവ്സ് ആണ് എച്ച്ബിഒ മാക്സിനുവേണ്ടിയുള്ള സിരീസിന്‍റെ പ്രൊഡ്യൂസര്‍. ബാറ്റ്മാന്‍റെ പശ്ചാത്തലമായ ഗോഥം നഗരത്തിലെ പൊലീസ് വകുപ്പും അഴിമതിക്കെതിരായ അവരുടെ അന്വേഷണങ്ങളുമൊക്കെയാവും സിരീസിന്‍റെ പ്ലോട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പൊലീസ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരീസ് എന്ന നിലയ്ക്കാവും എച്ച്ബിഒ മാക്സിന്‍റെ പുതിയ സിരീസ്. അതേസമയം അതിന്‍റെ പശ്ചാത്തലം മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന 'ബാറ്റ്മാന്‍' സിനിമയുടേതും ആയിരിക്കും. അഞ്ച് സിസണുകളിലായി വന്ന പിരീസ് ക്രൈം ഡ്രാമ സിരീസ് ബോര്‍ഡ്‍വാക്ക് എംപയറിന്‍റെ ക്രിയേറ്റര്‍ ടെറന്‍സ് വിന്‍റര്‍ ആണ് പുതിയ സിരീസ് എഴുതുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അദ്ദേഹമാണ്. 'ബാറ്റ്മാന്‍' നിര്‍മ്മാതാവ് ഡിലന്‍ ക്ലാര്‍ക്കും വാര്‍ണര്‍ ബ്രദേഴ്‍സ് ടെലിവിഷനും പ്രോജക്ടുമായി സഹകരിക്കുന്നുണ്ട്.

ഗോഥം നഗരത്തിലെ അഴിമതിയുടെ അപഗ്രഥനമായിരിക്കും പുതിയ സിരീസിന്‍റെ പശ്ചാത്തലമെന്നും സിനിമയ്ക്ക് പുറത്തേക്ക്, മള്‍ട്ടിപ്പിള്‍ പ്ലാറ്റ്ഫോമുകളിലേക്കുള്ള 'ബാറ്റ്മാന്‍' യൂണിവേഴ്‍സിന്‍റെ വളര്‍ച്ചയാണ് ഇതിലൂടെ മുന്നില്‍ കാണുന്നതെന്നും എച്ച്ബിഒ മാക്സ് വിലയിരുത്തുന്നു. അതേസമയം മാറ്റ് റീവിസിന്‍റെ സിനിമയില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ് നായകന്‍. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെക്കുകയായിരുന്നു. വരുന്ന ആഴ്‍ചകളില്‍ യുകെയില്‍ ചിത്രീകരണം പുനരാരംഭിക്കാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 2021 ഒക്ടോബറാണ് സിനിമയ്ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന റിലീസ് തീയ്യതി.