രാജ്യത്തെ നിരവധി ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. കൂടുതൽ പേർ സംസാരിക്കുന്നത് കൊണ്ട് ഹിന്ദി ദേശീയഭാഷയാകില്ലെന്നും കുമാരസ്വാമി.

ബെംഗളുരു/ മുംബൈ: ഹിന്ദി ദേശീയഭാഷയാണെന്ന ഹിന്ദി നടൻ അജയ് ദേവ്ഗണിന്‍റെ അവകാശവാദത്തെ എതിർത്ത് ട്വീറ്റ് ചെയ്ത കന്നഡ നടൻ കിച്ച സുദീപിന് പിന്തുണയുമായി മുൻ കർണാടക മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും. അജയ് ദേവ്‍ഗണിന്‍റെ പെരുമാറ്റം 'മണ്ടത്തരമാ'ണെന്ന് നീണ്ട ട്വിറ്റർ ത്രെഡിൽ കുമാരസ്വാമി രൂക്ഷമായി വിമർശിക്കുന്നു. ഹൈപ്പർ സ്വഭാവം സൈബർ ഇടത്തിൽ പ്രകടിപ്പിക്കരുതെന്നും, ഇത്തരം പെരുമാറ്റം വെറും മണ്ടത്തരം മാത്രമാണെന്നും കുമാരസ്വാമി പറയുന്നു. 

Scroll to load tweet…

രാജ്യത്തെ നിരവധി ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. കൂടുതൽ പേർ സംസാരിക്കുന്നത് കൊണ്ട് ഹിന്ദി ദേശീയഭാഷയാകില്ലെന്നും കുമാരസ്വാമി പറയുന്നു. 

ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ താരം കിച്ച സുദീപും ഹിന്ദി നടൻ അജയ് ദേവ്ഗണും തമ്മില്‍ ട്വിറ്ററിൽ നടന്ന വാക്പോര് ദേശീയശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിൽ കിച്ച സുദീപ് പറഞ്ഞത്. എന്നാലിതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് പറഞ്ഞ അജയ് ദേവ്ഗണ്‍ സുദീപിന്‍റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. 

എന്നാൽ സുദീപിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 

''പ്രിയപ്പെട്ട അജയ് ദേവ്ഗൺ സർ, ഹിന്ദിയിൽ താങ്കളിട്ട ട്വീറ്റ് എനിക്ക് മനസ്സിലായി. കാരണം, ഞങ്ങൾ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതാണ്. എന്നാൽ മോശമായി എടുക്കരുത്, താങ്കളിട്ട ട്വീറ്റിന് ഞാൻ കന്നഡയിൽ മറുപടിയിട്ടാൽ എങ്ങനെയിരിക്കും? എന്താ ഞങ്ങളും ഇന്ത്യയിലുള്ളവർ തന്നെയല്ലേ സർ?''

ആര്‍ആര്‍ആര്‍, കെജിഎഫ്, ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയം ഉയര്‍ത്തിക്കാട്ടിയായിരുന്നു സുദീപിന്‍റെ പ്രസ്താവന. പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളാകട്ടെ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപിന്‍റെ ചോദ്യം. പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ അജയ് ദേവ്ഗണ്‍, ഹിന്ദി ദേശീയഭാഷയാണെന്ന കാര്യം സുദീപ് മറക്കരുതെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു.