പ്രിയപ്പെട്ടവരെ അടുത്തു കാണുന്ന സന്തോഷ മുഹൂര്‍ത്തങ്ങളില്‍ കരയുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ ഇഷ്ട താരത്തെ മുന്നില്‍ കണ്ട് അമ്പരക്കുന്നവരെയും കാണാം. ഇവിടെ ഒരു ആരാധിക പ്രിയതാരത്തെ അടുത്തുകണ്ടപ്പോള്‍ പൊട്ടിക്കരയുകയാണ് ചെയ്തത്.

ആരാണ് താരമെന്നല്ലേ മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ഡിക്യു, ദുല്‍ഖര്‍ സല്‍മാന്‍. ദുബായില്‍ ക്ലബ് എഫ്എമ്മിന്റെ ഓഫീസില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. ദുല്‍ഖറിനെ കണ്ട് ആരാധിക കരഞ്ഞത് മാത്രമല്ല പ്രത്യേകത, മറിച്ച് പൊട്ടിക്കരഞ്ഞ ആരാധികയെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കുന്ന ദുല്‍ഖറിനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിലെത്തിയതായിരുന്നു ദുല്‍ഖര്‍. കണ്ട് അമ്പരന്ന ആരാധികയെ ആദ്യം ചേര്‍ത്തുനിര്‍ത്തിയ ദുല്‍ഖര്‍, പൊട്ടിക്കരയാന്‍ തുടങ്ങിയപ്പോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ദുല്‍ഖറിന് സമ്മാനവും നല്‍കിയാണ് ആരാധിക മടങ്ങിയത്.