കൊവിഡ് കാലത്ത് മാസങ്ങളോളം അടച്ചിട്ടിരുന്ന തീയേറ്ററുകളിലേക്ക് എത്തുന്ന ഇന്ത്യയിലെതന്നെ ആദ്യ സൂപ്പര്‍താര റിലീസ് ആണ് 'മാസ്റ്റര്‍'. ഇക്കാരണത്താല്‍ തന്നെ കൊവിഡ് കാലത്തെ തീയേറ്റര്‍ പ്രവേശനവും റിലീസുമൊക്കെയായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഈ ചിത്രത്തിന്‍റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അനുസരിച്ച് രാജ്യത്തെ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം മാസങ്ങള്‍ക്കു മുന്‍പേ അനുമതി നല്‍കിയിരുന്നെങ്കിലും തീയേറ്ററുകള്‍ വൈകി തുറന്ന സംസ്ഥാനമാണ് തമിഴ്നാട്. പക്ഷേ പുതിയ റിലീസുകള്‍ ഒഴിഞ്ഞുനിന്ന കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ ആവശ്യത്തിന് എത്തിയിരുന്നില്ല. തമിഴ് ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പൊങ്കല്‍ റിലീസുകള്‍ എത്തുന്നതിനു മുന്‍പ് തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. പക്ഷേ കേന്ദ്ര ഇടപെടല്‍ മൂലം അത് പിന്‍വലിക്കേണ്ടിവന്നു. നിലവില്‍ 50 ശതമാനം കാണികളെ പ്രവേശിക്കാനാണ് തീയേറ്ററുകള്‍ക്ക് അനുമതി. അതേസമയം 'മാസ്റ്ററി'ന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ച തമിഴ്നാട്ടിലെ തീയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നെത്തുന്ന കാഴ്ചകള്‍ ആശങ്കയുണര്‍ത്തുന്നതാണ്.

 

'മാസ്റ്റര്‍' അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ച ചെന്നൈയിലെ തീയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ചെന്നൈയിലെ റാം, രോഹിണി എന്നീ തീയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നുള്ളവയാണ് ഇതില്‍ കൂടുതല്‍ ചിത്രങ്ങളും. കൊവിഡ് സാഹചര്യം നിലവിലുണ്ട് എന്നുപോലും തോന്നിപ്പിക്കാത്ത തരത്തിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ യുവാക്കളായ ആരാധകര്‍ തിക്കിത്തിരക്കുന്നത്. വിജയ് ആരാധകര്‍ വലിയ നേട്ടമെന്ന തരത്തില്‍ ട്വിറ്ററിലൂടെ ഈ ചിത്രങ്ങള്‍ക്ക് വലിയ പ്രചരണവും നല്‍കുന്നുണ്ട്. അതേസമയം കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാതിരുന്ന തീയേറ്റര്‍ ഉടമകള്‍ക്കെതിരെ ഒരു ചെറു വിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

അതേസമയം കേരളത്തിലെ സിനിമാ സംഘടനയായ ഫിയോകിന്‍റെ ഇന്നലത്തെ നിലപാടോടെ കേരളത്തില്‍ 'മാസ്റ്റര്‍' റിലീസിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്ന ഇളവുകള്‍ അനുവദിക്കാതെ ഒരു ചിത്രത്തിനായി മാത്രം തീയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിയോകിന്‍റെ നിലപാട്. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയുമാണ് സിനിമാ സംഘടനകള്‍. 

 

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു. അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.