Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിൻ്റെ ഹർജി തള്ളി

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ്  ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്

Hema Committee report producer saji Parayil plea rejected by Kerala high court
Author
First Published Aug 13, 2024, 2:05 PM IST | Last Updated Aug 13, 2024, 5:10 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാൽ റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണ‌ർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.

സിനിമാരംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർക്കെതിരെ റിപ്പോ‍ർട്ടിൽ അധിക്ഷേപങ്ങൾ ഉണ്ടെന്നും മറുഭാഗം കേൾക്കാതെയുള്ള റിപ്പോർട്ട് പുറത്തുവിടരുതെന്നും നിർമാതാവ് സജിമോൻ പാറയിൽ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തളളിയ ഹൈക്കോടതി ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തിയത്. ഹർജി നൽകിയ ആളെ റിപ്പോർട്ട് എങ്ങനെ  ബാധിക്കുമെന്നും സ്ഥാപിക്കാനായില്ല. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാനുളള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉണ്ടെന്നതും കോടതി പരാമർശിച്ചു.  

കേസിൽ വനിതാ കമ്മീഷനും ഡബ്യൂ സി സിയും കക്ഷി ചേർന്നിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുന്നകാര്യം ആലോചിച്ചിട്ടില്ലെന്ന് നിർമാതാവ് സജിമോൻ പാറയിൽ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സിനിമാരംഗത്തുനിന്നടക്കം ആരോപണം ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios