Asianet News MalayalamAsianet News Malayalam

ഹേമ സമിതി റിപ്പോർട്ട്; വിട്ടുകൊടുക്കാത്ത പോരാട്ടവുമായി ഡബ്ല്യുസിസി, ഇന്ന് മന്ത്രിയെ കാണും

ഡബ്ല്യുസിസി അംഗങ്ങൾ നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല, സമിതിയാണെന്ന് വ്യക്തമായത് ഈ കൂടിക്കാഴ്ചയിലായിരുന്നു

hema committee report wcc will meet p rajeev today
Author
Kochi, First Published Jan 21, 2022, 9:23 AM IST

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി (WCC) അം​ഗങ്ങൾ ഇന്ന് നിയമ മന്ത്രി പി രാജീവിനെ (P Rajeev) കാണും. വൈകീട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഇതേ ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങൾ നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല, സമിതിയാണെന്ന് വ്യക്തമായത് ഈ കൂടിക്കാഴ്ചയിലായിരുന്നു.

തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതാണെന്നും റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ എല്ലാ വിധ ശ്രമങ്ങളും തുടരുമെന്നും ഡബ്യൂസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടന പ്രതിനിധികൾ ഇന്ന് നിയമമന്ത്രിയെ കാണുന്നത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അം​ഗങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അന്വേഷണ കമ്മീഷൻ അല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യുസിസി, വനിതാ കമ്മീഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചു. നടിയെ പിന്തുണയ്ക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണം. അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. നേരത്തെ സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച അടൂർ കമ്മീഷൻ റിപ്പോർട്ട് അടക്കം പുറത്ത് വിട്ടിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പറഞ്ഞ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios