'ബാഹുബലി'ക്കു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'ആര്‍ആര്‍ആര്‍'. കൊവിഡ് കാരണം മാസങ്ങളോളം മുടങ്ങിക്കിടന്ന ചിത്രീകരണം കഴിഞ്ഞ മാസം ആദ്യമാണ് പുനരാരംഭിച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ, ഇരുവരുടെയും ഫസ്റ്റ് ലുക്ക് വീഡിയോകള്‍ അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 'ബാഹുബലി' പോലെ പാന്‍ ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ സ്വീകരിക്കപ്പെടണമെന്നാണ് രാജമൗലിക്ക്. അലിയ ഭട്ടിനെയും അജയ് ദേവ്‍ഗണിനെയും ബോളിവുഡില്‍ നിന്നും സമുദ്രക്കനിയെ തമിഴില്‍ നിന്നും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളെയുമൊക്കെ കഥാപാത്രങ്ങളാക്കുന്നതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. അതേസമയം ഇതുകൂടാതെ വോയിസ് ഓവറുകള്‍ക്കായി ഇന്ത്യയിലെ പ്രധാന ചലച്ചിത്രമേഖലകളില്‍ നിന്നുള്ള മുന്‍നിര താരങ്ങളും ആര്‍ആര്‍ആറില്‍ ഭാഗഭാക്കാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 

ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും മലയാളത്തില്‍ നിന്ന് മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥിവേഷങ്ങളില്‍ ചിത്രത്തില്‍ എത്തിയേക്കുമെന്ന് മാസങ്ങള്‍ക്കു മുന്‍പ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതിഥി വേഷങ്ങളിലല്ല, മറിച്ച് രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ശബ്ദസാന്നിധ്യമായിരിക്കും ആമിറും ലാലും അടക്കമുള്ള താരങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഹിന്ദിയില്‍ നിന്ന് ആമിര്‍ ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിങ്ങനെയാണ് ചിത്രത്തില്‍ ശബ്ദം നല്‍കുന്ന താരങ്ങളുടെ പേരുവിവരം പുറത്തുവരുന്നത്. അതേസമയം രാജമൗലിയോ നിര്‍മ്മാതാക്കളായ ഡിവിവി എന്‍റര്‍ടയ്ന്‍‍മെന്‍റ്സോ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.