കൊച്ചി ബ്ലാക്ക് മെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിനേതാക്കളായ ടിനി ടോമിന്‍റെയും ധര്‍മ്മജന്‍റെയും പേരുകള്‍ സമൂഹമാധ്യമങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുകയാണെന്ന് ഹൈബി ഈഡന്‍ എംപി. ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"ടിനി ടോമിനും ധർമ്മജൻ ബോൾഗാട്ടിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഒട്ടനവധി കഷ്ടപ്പാടുകളും യാതനകളും അനുഭവിച്ച് മലയാള സിനിമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരാണ് രണ്ടു പേരും. അനാവശ്യ വിവാദങ്ങളിലേക്ക് അവരെ വലിച്ചിടുന്ന പ്രവണത ശരിയല്ല. ഇരുവർക്കും ഐക്യദാർഢ്യം", എന്നാണ് ഹൈബി ഈഡന്‍റെ കുറിപ്പ്.

ബ്ലാക്ക് മെയില്‍ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരെ ടിനി ടോം രംഗത്തുവന്നിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുക്കുന്ന വസ്‍തുതാവിരുദ്ധമായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും പൊലീസില്‍ പരാതി നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി പ്രതികരിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ധര്‍മ്മജന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചിരുന്നെന്നും ഷംന കാസിമിനെയും മിയയെയും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും മാധ്യമങ്ങളോട് ധര്‍മ്മജന്‍ പറഞ്ഞിരുന്നു.