കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തിരഞ്ഞെടുത്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ. ചലച്ചിത്ര വികസ കോര്‍പ്പറേഷന് തുടർനടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.  കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴി സിനിമ നിർമ്മിക്കുന്നതിന് 2 സംവിധായികമാർക്ക് ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കുന്നതായിരുന്നു പദ്ധതി. 

ഇതില്‍ ആഗസ്റ്റില്‍ നടന്ന അഭിമുഖത്തിലൂടെ നടത്തിയ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾ ലംഘിച്ചാണ് സംവിധായികമാരെ തെരഞ്ഞെടുത്തത് എന്ന് അഭിമുഖത്തിൽ പങ്കെടുത്ത വിദ്യ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിലാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്. 

കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്‍റെ  ഭാഗമായാണ് രണ്ടു വനിതാ സംവിധായകര്‍ക്ക് കെഎസ്എഫ്ഡിസി വഴി സിനിമാ നിര്‍മ്മാണത്തിനായി ഒന്നരകോടി രൂപ വീതം ഫണ്ട് അനുവദിക്കുന്ന പദ്ധതി വിഭാവനം ചെയ്തിരുന്നത്. വനിതാ സംവിധായകരെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ പക്ഷെ തിരക്കഥയുടെ അടിസ്ഥാനത്തിൽ മാത്രമുള്ള  തെരഞ്ഞെടുപ്പാണ്  നടന്നത്. തങ്ങളെഴുതിയതോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും തിരക്കഥയോ പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ മാത്രമായിരുന്നു അനുവാദം. 

ഏതാണ്ട് ഒന്നരമണിക്കൂറോളം തിരക്കഥ വായന മാത്രമാണ് നടന്നതെന്നും, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് അപേക്ഷിച്ച വനിതകളെ വിളിച്ചു വരുത്തി  അപമാനിക്കുകയാണ് കെഎസ്എഫഡിസി ചെയ്തതതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ചലചിത്ര വികസന കോര്‍പ്പറേഷന്‍ 62 തിരക്കഥകളാണ് അവസാനം തിരഞ്ഞെടുത്തത്. ഇതില്‍ നിന്നും 20 മികച്ചവ തിരഞ്ഞെടുത്ത് അവസാന റൗണ്ട് ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. 

വനിതാ സംവിധായകര്‍ക്ക് അവസരം എന്നു പറഞ്ഞ് പത്രപരസ്യം നല്‍കി അഭിമുഖത്തിന് വിളിച്ച കെഎസ്എഫ്ഡിസി ഇപ്പോള്‍  രണ്ടു  തിരക്കഥാകൃത്തുക്കളെ സംവിധായകരെന്ന  പേരിൽ  തിരഞ്ഞെടുത്തിരിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നാണ് ആരോപണം. അതേ സമയം തിങ്കളാഴ്ട കെഎസ്എഫ്ഡിസിയോട് ഇതില്‍ വിശദീകരണം നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയില്‍ സ്റ്റേ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും പദ്ധതിയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായി തന്നെ കെഎസ്എഫ്ഡിസി ഹൈക്കോടതിയെ അറിയിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പ്രതികരിച്ചു. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.