വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. പ്രൊമോഷൻ പരിപാടികളിൽ താരജാഡകളില്ലാതെ ലളിതമായി പെരുമാറിയ വിസ്മയയെ സോഷ്യൽ മീഡിയ പ്രശംസിക്കുകയാണ്.
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. തതവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് വിസ്മമയുടെ വസ്ത്രധാരണവും സ്വഭാവവും ഒക്കെയാണ്. പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത വിസ്മയ താരപുത്രി എന്ന ജാഡയില്ലാതെ എല്ലാവരുമായും കൂളായി സംസാരിക്കുന്നത് കണ്ട് കയ്യടിച്ചു സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇപ്പോഴിതാ വിസ്മയെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നും ശാരദക്കുട്ടി പറയുന്നു.
ശാരദകുട്ടിയുടെ വാക്കുകൾ ഇങ്ങനെ
പൊതു വേദികളിലെ മോഹൻലാലിൻ്റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികൾ. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്. മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ എന്നത് എനിക്ക് മോഹൻലാലിനെ കൂടുതൽ പ്രിയങ്കരനാക്കുന്നുണ്ട്.
അച്ഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവശേലം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി. മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ socially awkward ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുൻവിധികളും സങ്കൽപങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ normal ആയും natural ആയും കാണുന്നുണ്ട് മോഹൻലാൽ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാർ മുഴുവൻ അച്ഛനും അമ്മാവനും കളിക്കാനുള്ളപ്പോൾ താൻ കൂടിയെന്തിന് എന്ന ആ പതിവ് മോഹൻലാൽ കൂൾനെസ്സ് നല്ല കൗതുകം പകർന്നു.
ആദ്യ ചിത്രത്തിൻ്റെ Promotion വേളയിൽ മലയാളിശീലങ്ങളുടെ oversmart മുഖംമൂടികളണിയാതെ വിസ്മയ തൻ്റെ ടെൻഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു. മോഹൻലാലിൻ്റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കിൽ... സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു logic മതി അതിന്. വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവർക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവൾക്കൊരു കവചമാകട്ടെ എന്നാണെനിക്ക് ആശംസിക്കാനുള്ളത്.



