ആക്ഷന് പ്രാധാന്യമുള്ള ചിത്രം

ഹോങ്കോങ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ ആക്ഷന്‍ ചിത്രം ഹോങ്കോങ് വാരിയേഴ്സ് ഇന്ത്യയില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് കേരളത്തിലും റിലീസ് ഉണ്ട്. കേരളത്തിലെ 41 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രത്തിന്‍റെ കേരള റിലീസ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ റിലീസ് ഉണ്ട്.

ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന സിനിമയാണ് പേരില്‍ മാറ്റത്തോടെ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആഭ്യന്തര വിപണിയില്‍ നേടിയ വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ ചിത്രം യുഎസ്, യുകെ, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിങ്ങനെ നിരവധി വിദേശ മാര്‍ക്കറ്റുകളിലേക്കും പറന്നു. അവിടെയൊക്കെ മികച്ച കളക്ഷനും സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നുമാണ് ഈ ചിത്രം.

ഇന്ത്യന്‍ റിലീസിന് മുന്നോടിയായി ഇന്ത്യന്‍ ഭാഷകളിലെ ട്രെയ്‍ലറും വിതരണക്കാര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് 2023 ല്‍ എത്തിയ അനിമല്‍, കില്‍ എന്നീ ചിത്രങ്ങള്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. മലയാള ചിത്രം മാര്‍ക്കോയുടെ വിജയവും എടുത്ത് പറയേണ്ടതാണ്. ഉണ്ണി മുകുന്ദന്‍ നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ALSO READ : 'എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് പിന്നീട് ഞാൻ ആരോടും ചോദിച്ചിട്ടില്ല'; കണ്ണ് നിറഞ്ഞ് സീമ വിനീത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം