അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ കാജോള്‍ ആണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വീട്ടിലെപ്പോലെ തന്നെയായിരുന്നു സിനിമ സെറ്റിലുമെന്ന് അജയ് ദേവ്‍ഗണ്‍ പറയുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസിനോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അജയ് ദേവ്ഗണ്‍.

തനാജി മലുസരെയായിട്ടാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തനാജിയുടെ ഭാര്യ സാവിത്രി മലുസരെ ആയിട്ടാണ് അജയ് ദേവ്‍ഗണിന്റെ ഭാര്യ കൂടിയായ കാജോള്‍ അഭിനയിക്കുന്നത്. കാജോളിനൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നുവെന്ന് എനിക്ക് അറിയില്ല. കാരണം ഞങ്ങള്‍ എങ്ങനെയായിരുന്നോ വീട്ടില്‍ അങഅങനെ തന്നെയായിരുന്നു സിനിമ സെറ്റിലും. എല്ലാവരുടെ മുന്നിലും ഞങ്ങള്‍ വീട്ടില്‍ പെരുമാറുന്നതുപോലെ തന്നെയായിരുന്നു പെരുമാറിയത്. അതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല- അജയ് ദേവ്‍ഗണ്‍ പറയുന്നു. മകള്‍ നൈസുയുടെ കോളേജിലെ ചടങ്ങില്‍ പങ്കെടുക്കാൻ പോയിരുന്നതിനാല്‍ കാജോള്‍ ട്രെയിലര്‍ റിലീസിനു ഉണ്ടായിരുന്നില്ല.  ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്‍ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍  നേരത്തെ പറഞ്ഞിരുന്നത്. തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍  നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എത്ര ത്യാഗോജ്ജലമായാണ് പ്രവര്‍ത്തിച്ചത്. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം- അജയ് ദേവ്ഗണ്‍ പറയുന്നു. ഓം രൌത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 10നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.