ബോക്സ് ഓഫീസില്‍ പ്രതീക്ഷിക്കപ്പെട്ട പ്രതികരണം ചിത്രത്തിന് ഇല്ല
ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ആമിര്‍ ഖാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലാല്‍ സിംഗ് ഛദ്ദ. അതേസമയം ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്തിയത് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തില്‍ നിന്നുള്ള ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടയിലുമായിരുന്നു. ഏതായാലും പ്രതീക്ഷിച്ച ഇനിഷ്യല്‍ നേടാനായില്ല ചിത്രത്തിന്. ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ചിത്രത്തിന് പ്രേക്ഷകരില്‍ കാര്യമായ മൌത്ത് പബ്ലിസിറ്റി സൃഷ്ടിക്കാനായില്ല. എന്നാല്‍ ഈ ചിത്രം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു സൂപ്പര്‍ താരം. ഹൃത്വിക് റോഷന്‍ ആണ് തനിക്ക് ചിത്രം നല്‍കിയ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്.
"ഞാന്‍ ലാല്‍ സിംഗ് ഛദ്ദ കണ്ടു. ഈ സിനിമയുടെ ഹൃദയം എനിക്ക് മനസിലായി. ഗുണദോഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സിനിമ ഗംഭീരമാണ്. ഇത് നഷ്ടപ്പെടുത്തരുത്. പോകൂ. ഇപ്പോള്‍ത്തന്നെ കാണൂ. മനോഹരമാണ് ഇത്. ഏറെ മനോഹരം", ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍ 11.70 കോടിയും വെള്ളിയാഴ്ച കളക്ഷന്‍ 7.26 കോടിയുമായിരുന്നു. ഇന്ത്യയില്‍ നിന്നു നേടിയ ഗ്രോസ് ആണിത്. അതായത് രണ്ട് ദിനങ്ങളില്‍ നിന്ന് 18.96 കോടി. ലാല്‍ സിംഗ് ഛദ്ദയില്‍ നിന്ന് സിനിമാലോകം പ്രതീക്ഷിച്ചിരുന്നത് ഇതിലും ഏറെ വലുതായിരുന്നു. അതേസമയം ഞായര്‍, പൊതു അവധിദിനമായ തിങ്കള്‍ ദിവസങ്ങളിലെ കളക്ഷന്‍ ചിത്രത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.
റിലീസിനു മുന്‍പ് താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു- എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമാ നിര്‍മ്മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല, ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു.
ALSO READ : 'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍
