ഹൃത്വിക് റോഷന്‍ എന്ന താരത്തെ സ്‌ക്രീനില്‍ ആഘോഷിച്ച ഒരു ചിത്രം വന്‍ ജനപ്രീതി നേടിയിട്ട് ഏറെക്കാലമായി. തൊട്ടുമുന്‍പെത്തിയ 'സൂപ്പര്‍ 30' ഭേദപ്പെട്ട വിജയം നേടിയ ചിത്രമായിരുന്നു. എന്നാല്‍ ഗണിതശാസ്ത്രജ്ഞന്‍ അനന്ദ് കുമാറിന്റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രം ഹൃത്വിക്കിന്റെ താരപ്രഭയില്‍ ഊന്നല്‍ കൊടുത്ത ഒന്നായിരുന്നില്ല. എന്നാല്‍ ഏറെക്കാലത്തിന് ശേഷം ഹൃത്വിക്ക് നായകനാവുന്ന ഒരു ചിത്രം അത്തരത്തില്‍ ബോക്‌സ്ഓഫീസില്‍ മികച്ച വിജയം നേടിയേക്കാമെന്ന സൂചനകള്‍ ലഭിക്കുന്നു. ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്രോഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാര്‍' ആണ് ആരാധകര്‍ ഉള്‍പ്പെടെയുള്ള ആദ്യദിന പ്രേക്ഷകരില്‍നിന്നും മികച്ച അഭിപ്രായം ലഭിച്ചിരിക്കുന്ന ചിത്രം.

'ഇതുവരെ കണ്ടതില്‍ ഏറ്റവും സ്റ്റൈലിഷ് ആക്ഷന്‍ ഫിലിം', ' ബോളിവുഡില്‍ ഇതുവരെ വന്നതില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്ന്', എന്ന് തുടങ്ങി ഹോളിവുഡ് സിരീസ് 'മിഷന്‍ ഇംപോസിബിളി'നുള്ള ഇന്ത്യന്‍ മറുപടി എന്നുവരെ പ്രേക്ഷകര്‍ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചിത്രം ഹൃത്വിക്ക് ആരാധകരെ മാത്രമാവും തൃപ്തിപ്പെടുത്തുക എന്ന് അഭിപ്രായപ്പെടുന്ന ഒരുവിഭാഗം പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ദേശീയമാധ്യമങഅങളുടെ നിരൂപണങ്ങളും അത്തരത്തില്‍ തന്നെ. എന്തായാലും ചിത്രം ആദ്യദിന കളക്ഷനില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും എന്ന അഭിപ്രായത്തിലാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍.

ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സദ്ധാര്‍ഥ് ആനന്ദ് ആണ്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഹൃത്വിക്കിന്റെ ജോഡിയായി എത്തുന്നത് വാണി കപൂര്‍ ആണ്. ബെഞ്ചമിന്‍ ഗാസ്പര്‍ ആണ് ഛായാഗ്രഹണം.