ഓണം റിലീസ് ആയി ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് നേടിയത്. ആദ്യ ദിനത്തില്‍ 130 ല്‍ ഏറെ ലേറ്റ് നൈറ്റ് ഷോകള്‍ ചിത്രത്തിന്‍റേതായി കേരളത്തില്‍ നടന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റിനായുള്ള വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടില്‍ വലിയ തോതിലുള്ള വര്‍ധനയും വരികയാണ്. റിലീസ് ചെയ്യപ്പെട്ട 250 സ്ക്രീനുകളില്‍ നിന്ന് 325 സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വര്‍ധിപ്പിക്കുകയാണ് ചിത്രം. മൂന്നാം ദിനമായ ഞായറാഴ്ച മുതലാണ് ഈ പുതുക്കിയ സ്ക്രീന്‍ കൗണ്ട് നിലവില്‍ വരിക. ഇത് ചിത്രത്തിന്‍റെ കളക്ഷനെ ഏറെ ഗുണപരമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഇത്.

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിച്ചിരിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ സിതാര എന്റര്‍ടെയ്‍ൻമെന്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Asianet News Live | Malayalam News Live | Onam 2025 | Latest Kerala Updates | Live Breaking News