വിശപ്പും ഒരു രോഗമാണെന്നും അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് താരം വിജയ് സേതുപതി. കൊവിഡ് ലോക്ക് ഡൗണില്‍ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം. "വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ", ഇങ്ങനെയാണ് സേതുപതിയുടെ ട്വീറ്റ്. 

ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചത്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു. 

കൊവിഡ് സഹായനിധികളിലേക്ക് സഹായം നല്‍കിയ തമിഴ് താരങ്ങളുടെ പട്ടികയില്‍ വിജയ് സേതുപതിയുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദുവസവേതനക്കാരെ സഹായിക്കാന്‍ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) യുടെ സഹായനിധിയിലേക്ക് നല്‍കിയ 10 ലക്ഷം ഉള്‍പ്പെടെയാണ് ഇത്. 

അശ്വത്ഥ് മാരിമുത്തു സംവിധാനം ചെയ്ത ഓ മൈ കടവുളേ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. അശോക് സെല്‍വനും റിതിക സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ദൈവത്തിന്‍റെ വേഷത്തിലായിരുന്നു വിജയ് സേതുപതി. നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള പത്തോളം സിനിമകള്‍ വിജയ് സേതുപതിയുടേതായി പുറത്തുവരാനുണ്ട്. വിജയ് നായകനാവുന്ന ലോകേഷ് കനകരാജി ചിത്രം മാസ്റ്ററാണ് ഇതില്‍ പ്രധാനം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇതും.