ഇടിച്ച ശേഷം സ്കൂട്ടറില്‍ ജയഭാരിയെ റോഡിന് സമീപിത്തെ മരത്തിനടുത്തേക്ക് ലോറിയില്‍ വലിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയത് നിര്‍ണായകമായി

ചെന്നൈ: തമിഴ് നടൻ സന്താനത്തിന്‍റെ കസിൻ സിസ്റ്റർ ജയഭാരതിയുടെ അപകടമരണത്തിൽ വഴിത്തിരിവ്. ജയഭാരതിയുടേത് കൊലപാതകമെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവുണ്ടായത്. അമേരിക്കയിലുള്ള ഭര്‍ത്താവിന്‍റെ ക്വട്ടേഷനായിരുന്നു അപകടമരണം. ഭര്‍ത്താവിന്‍റെ സഹോദരന്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാധാരണ അപകട മരണം എന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയ സംഭവത്തിലാണ് ഒരു വര്‍ഷത്തിന് ശേഷം വഴിത്തിരിവ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ 2020ഏപ്രിലിലാണ് ലോറി ഇടിച്ച് ജയഭാരതി മരിച്ചത്. തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ഇടറോഡില്‍ മരത്തിനും ലോറിക്കുമിടയില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംസ്കാരം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് വിഷ്ണു പ്രസാദ് അമേരിക്കയിലേക്ക് തിരിച്ചു. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടുകാരെ ഏല്‍പ്പിച്ചാണ് മടങ്ങിയത്. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ഇതോടെയാണ് ബന്ധുക്കള്‍ സംശയം തോന്നി പൊലീസിനെ സമീപിക്കുന്നത്.നടന്‍ സന്താനത്തിന്‍റെ പരാതിയില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം തിരുവള്ളൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ഇടിച്ച ശേഷം സ്കൂട്ടറില്‍ ജയഭാരിയെ റോഡിന് സമീപിത്തെ മരത്തിനടുത്തേക്ക് ലോറിയില്‍ വലിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയത് നിര്‍ണായകമായി. ലോറി ഡ്രൈവര്‍ രാജനെ ചോദ്യം ചെയ്തതോടെ ക്വട്ടേഷനാണെന്ന് കണ്ടെത്തി. ഓഫീസിലുള്ള മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ വിഷ്ണു പ്രസാദും ജയഭാരതിയുമായും തമ്മില്‍ വഴക്ക് പതിവായിരുന്നു.

വിഷ്ണുപ്രസാദിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുമെന്ന് ജയഭാരതി പലതവണ പറഞ്ഞിരുന്നു. പരാതിയുമായി മുന്നോട്ട് പോയാല്‍ ജോലിയെ ബാധിക്കുമോ എന്ന് വിഷ്ണുപ്രസാദ് ആശങ്കപ്പെട്ടിരുന്നു. ഒടുവില്‍ ജയഭാരതിയെ ഒഴിവാക്കാനായി സഹോദരന്‍ പ്രസന്നയുടെ സഹോയത്തോടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. സഹോദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിന്‍റെ അറസ്റ്റിനായി പൊലീസ് എംബസിയെ സമീപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona