തുടർ പരാജയങ്ങൾക്ക് ശേഷം 'സർവ്വം മായ' എന്ന പുതിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിൻ പോളി.

മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് നിവിന്‍ പോളി. തന്‍റെ ജനപ്രീതി നിരവധി ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസില്‍ നിവിന്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തിന് അത് സാധിച്ചിരുന്നില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് നിവിന്‍ തെര‍ഞ്ഞെടുത്ത് ചെയ്തതെങ്കിലും തിയറ്റര്‍ വിജയം നേടുന്നതില്‍ അവ പരാജയപ്പെട്ടു. എന്നാല്‍ ആ ഇടവേളയുടെ എല്ലാ ക്ഷീണവും തീര്‍ക്കുകയാണ് സര്‍വ്വം മായ എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ നിവിന്‍. ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം വെറും 5 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയാണ് നേടിയത്. ഇപ്പോഴിതാ ജയപരാജയങ്ങളെ നോക്കിക്കാണുന്നതിനെക്കുറിച്ച് നിവിന്‍ പോളി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ ഇപ്പോഴും തുടരുന്നത് താന്‍ മുന്‍പെടുത്ത ഒരു തീരുമാനം കാരണമാണെന്ന് നിവിന്‍ പോളി പറയുന്നു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍റെ വാക്കുകള്‍.

ഒരു സിനിമ റിലീസ് ആവുന്ന സമയത്ത് അത് നന്നായി പോയില്ലെങ്കില്‍ നമ്മള്‍ കുറച്ച് ഡൗണ്‍ ആവും. തുടര്‍ച്ചയായി സിനിമകള്‍ അങ്ങനെ ആവുമ്പോള്‍ ഇത് നിര്‍ത്തി മറ്റെന്തെങ്കിലും ചെയ്താലോ എന്ന് തോന്നും. പക്ഷേ ഞാന്‍ അതിനെ കണ്ടത് മറ്റൊരു രീതിയിലാണ്. ഒറ്റ ദിവസം മതി കാര്യങ്ങള്‍ മാറാന്‍ എന്ന് ഞാന്‍ കരുതി. ഒറ്റ വെള്ളിയാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറും. ആദ്യ സിനിമ മുതല്‍ എനിക്കറിയാം. ആദ്യ സിനിമയായ മലര്‍വാദി ആര്‍ട്സ് ക്ലബ്ബ് മുതല്‍ എനിക്ക് അറിയാവുന്നതാണ് അത്. ആ വെള്ളിയാഴ്ച എന്താണ് സംഭവിച്ചതെന്ന് ഞാന്‍ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് ഒരിക്കലും ഇത് അവസാനിപ്പിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഐ വില്‍ നെവര്‍ ക്വിറ്റ് എന്ന് ഉറപ്പിച്ചു. ആ തീരുമാനം ആണെന്ന് തോന്നുന്നു ഇവിടെ വരെ എത്തിച്ചത്. അല്ലെങ്കില്‍ പണ്ടേ ഞാന്‍ നിര്‍ത്തി പോയേനെ. എനിക്കറിയില്ല, നിവിന്‍ പോളി പറ‌യുന്നു.

അതേസമയം അഖില്‍ സത്യനാണ് സര്‍വ്വം മായയുടെ സംവിധാനം. ഫയര്‍ഫ്ലൈ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും റിയ ഷിബുവുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി എന്നിവരും പ്രാധാന്യമുള്ള റോളുകളില്‍ എത്തിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming