നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അനുശോചിച്ചു.
മോഹൻലാലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കോളേജ് പഠന കാലത്ത് അവർ തനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ലെന്നും, ലോകത്തിന് ഒരു അതുല്യ കലാകാരനെ അവർ സമ്മാനിച്ചുവെന്നും ബി ഉണ്ണികൃഷ്ണൻ കുറിച്ചു.
"അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അവർ എനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവർ സമ്മാനിച്ചു. അതിലേറെ, നല്ലൊരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. അമ്മയുടെ സ്നേഹം ലാലിന്റെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു." ബി ഉണ്ണികൃഷ്ണൻ കുറിച്ചു.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹൻലാലിനെ പലയാവർത്തി മലയാളികൾ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനം അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന് വലിയ രീതിയിൽ വൈറലാകുകയും ചെയ്തിരുന്നു.


