താരസംഘടനയായ അമ്മയിൽ നിന്നും രാജി വെച്ചതിന്‍റെ കാരണം വ്യക്തമാക്കി നടി ശ്വേത മേനോന്‍

താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലുണ്ട്. സംഘടനയിലെ പൊട്ടിത്തെറിയുടെ അവസാനമെന്നോണം സംഘടനാ ഭരണസമിതി മൊത്തത്തില്‍ രാജിവച്ച് ഒഴിഞ്ഞിരുന്നു. സംഘടനയുടെ കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രാജി പ്രഖ്യാപനം നടന്നത്. പലരും ഭാരവാഹിത്വം മാത്രമല്ല, അമ്മയിലെ അംഗത്വത്തില്‍ നിന്നുപോലും രാജി വച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ രാജി എന്തുകൊണ്ടെന്ന് പൊതുസമൂഹത്തോട് കൂടുതല്‍ വിശദീകരിക്കുകയാണ് ശ്വേത മേനോന്‍. ഒപ്പം തനിക്കെതിരെ വരുന്ന ചില ആരോപണങ്ങളോടുള്ള പ്രതികരണങ്ങളും അവരുടെ പ്രതികരണത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്വേത മേനോന്‍ പ്രതികരിച്ചിരിക്കുന്നത്.

ശ്വേത മേനോന്‍റെ കുറിപ്പ്

എനിക്ക് പിന്തുണ നല്‍കിയവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അമ്മയില്‍ നിന്ന് ഞാന്‍ രാജി വച്ചതിന്‍റെ കാരണം ആരുടെയും കളിപ്പാവയാവാന്‍ ഞാന്‍ തയ്യാറാവാത്തതാണ്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. എന്നിട്ടും അമ്മ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്‍റെയും പിന്തുണയോടെ ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. എനിക്ക് കഴിയുന്നതിന്‍റെ പരമാവധി ഞാന്‍ ചെയ്തുവെന്ന് അവര്‍ക്ക് എനിക്ക് ഉറപ്പ് നല്‍കാനാവും. നിര്‍ഭാഗ്യവശാല്‍, മുന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ ചെയ്തികളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരിക്കലും അന്വേഷിക്കാന്‍ അവസരം ലഭിക്കരുതെന്ന് ചില സ്ഥാപിത താല്‍പര്യക്കാര്‍ ഉറപ്പ് വരുത്തി.

ഞങ്ങളുടേതടക്കം അവസാനത്തെ രണ്ട് ടേമിലെ അക്കൗണ്ടുകള്‍ ഉറപ്പായും പരിശോധിക്കപ്പെടണം. അതില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാവാനായി ഒരു ഫോറന്‍സിക് ഓഡിറ്റ് തന്നെ ആരംഭിക്കണം. എന്‍റെ രാജിക്ക് ശേഷം പോലും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതിനാല്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തും വ്യക്തമാക്കട്ടെ. ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല. ഒരുപാട് ക്ഷണങ്ങള്‍ ലഭിച്ചിട്ടും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരോ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ കേരളത്തിലെ മുന്‍ സര്‍ക്കാരോ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തില്ല. അമ്മ പ്രസിഡന്‍റ് ആയതിന് മുന്‍പോ ശേഷമോ അത് ഉണ്ടായിട്ടില്ല. മറ്റെല്ലാവരും അത്തരം ക്ഷണങ്ങളുടെ പിന്നാലെ പാഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു ഞാന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനത്തിന്‍റെ കാരണം ബലഹീനത ആയിരുന്നില്ല. മറിച്ച് സ്വയം ബഹുമാനം ആയിരുന്നു. ഇനിയും തുടരും. പിക്ചര്‍ അഭി ബാകി ഹേ മേരേ ദോസ്ത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming