അഡ്‍മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡെ പട്ടേലിന്‍റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടന്‍ ഹരിശ്രീ അശോകന്‍. ലക്ഷദ്വീപിനുമേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ പ്രദേശവാസികള്‍ക്കൊപ്പം വേദനിക്കുകയും പ്രതിഷേധിക്കുകയുമാണ് താനെന്ന് ഹരിശ്രീ അശോകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് അടക്കം മലയാളസിനിമാ രംഗത്തെ നിരവധി പേര്‍ ലക്ഷദ്വീപുകാര്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഹരിശ്രീ അശോകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദ്വീപിനൊപ്പം... സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരും ഉള്ളിൽ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിന്‍റെ അണുക്കൾ എല്ലാ ഉടലിലുമുണ്ട്. ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെ മേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അനീതിയാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തെയും വിശ്വാസ സംസ്‍കാരത്തെയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണ്ണം? ലക്ഷദ്വീപിന്‍റെയും കേരളത്തിന്‍റെയും കാലാകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ചുമാറ്റി എന്ത്  വികസനമാണ് അവിടെ കൊണ്ടുവരുന്നത്? ഇത്തരം തുഗ്ലക്ക് പരിഷ്‍കാരം  ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ. ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ്. അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താൽപ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറിയേ മതിയാവൂ. ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം...
ഹരിശ്രീ അശോകൻ