Asianet News MalayalamAsianet News Malayalam

'സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ കാനഡയിലേക്ക് പോകാന്‍ ആലോചിച്ചിരുന്നു'; അക്ഷയ് കുമാര്‍ പറയുന്നു

"14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു"

i considered moving to canada when movies failed continuously says akshay kumar
Author
Thiruvananthapuram, First Published Aug 13, 2022, 9:55 PM IST

അക്ഷയ് കുമാറിന്‍റെ കനേഡിയന്‍ പൌരത്വം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചാവിഷയം ആവാറുണ്ട്. കനേഡിയന്‍ കുമാര്‍ എന്ന് എതിരാളികള്‍ അദ്ദേഹത്തെ പരിഹസിക്കാറുമുണ്ട്. ഇപ്പോഴിതാ കനേഡിയന്‍ പൌരത്വം നേടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും താന്‍ നേരിടേണ്ടിവരുന്ന പരിഹാസത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം. ലല്ലന്‍ടോപ്പ് എന്ന വെബ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യത്തിലുള്ള തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഒരു സമയത്ത് തന്‍റെ സിനിമകള്‍ നിരനിരയായി പരാജയപ്പെട്ടപ്പോഴാണ് കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് അക്ഷയ് കുമാര്‍ പറയുന്നു- കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത പങ്കുവച്ചത്. ഒരുപാട് പേര്‍ അവിടെ ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും വിജയം കണ്ടെത്താനായത് തന്‍റെ മനസിനെ മാറ്റിയെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ALSO READ : 'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

എനിക്ക് ഒരു പാസ്പോര്‍ട്ട് ഉണ്ട്. എന്താണ് ഒരു പാസ്പോര്‍ട്ട്? ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണ് അത്. നോക്കൂ, ഞാനൊരു ഇന്ത്യക്കാരനാണ്. എന്‍റെ നികുതി ഞാന്‍ ഇവിടെയാണ് അടയ്ക്കുന്നത്. എനിക്ക് അത് അവിടെ വേണമെങ്കിലും അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്‍റെ രാജ്യത്താണ് അടയ്ക്കാറ്. ഞാന്‍ എന്‍റെ രാജ്യത്താണ് ജോലി ചെയ്യുന്നത്. പലരും പലതും പറയാറുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്.  അവരെ സംബന്ധിച്ച് ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഞാന്‍ എപ്പോഴും അങ്ങനെതന്നെ ആയിരിക്കും, അക്ഷയ് കുമാര്‍ പറഞ്ഞുനിര്‍ത്തി.

അതേസമയം രക്ഷാബന്ധന്‍ ആണ് അക്ഷയ് കുമാറിന്‍റെ പുതിയ റിലീസ്. ആക്ഷന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയ്ക്കു ശേഷം അക്ഷയ് കുമാര്‍ കുടുംബ നായക പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് രക്ഷാബന്ധന്‍. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍.

Follow Us:
Download App:
  • android
  • ios