താന്‍ നായകനായി 2006 ല്‍ പുറത്തെത്തിയ തലൈ നഗരം എന്ന ചിത്രത്തെക്കുറിച്ചാണ് സുന്ദര്‍ സി പറയുന്നത്

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ എല്ലാ വഴികളിലും സഞ്ചരിച്ചിട്ടുള്ള തമിഴ് സിനിമയുടെ ഓള്‍റൗണ്ടര്‍ ആണ് സുന്ദര്‍ സി. അദ്ദേഹം സംവിധായകനും നായകനുമായ ഏറ്റവും പുതിയ ചിത്രം അറണ്‍മണൈ 4 തിയറ്ററുകളില്‍ വിജയം നേടുകയാണ് ഇപ്പോള്‍. കോയമ്പത്തൂര്‍ സ്വദേശിയായ സുന്ദര്‍ സി കുട്ടിക്കാലം മുതലേ മലയാള സിനിമകളുടെ വലിയ ആരാധകനാണ്. വിശേഷിച്ചും പഴയ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രങ്ങളുടെ. പല മലയാള ചിത്രങ്ങളുടെ റീമേക്കുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടും അഭിനയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് മിന്നാരത്തിന്‍റെ റീമേക്ക് ആയിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത് 2001 ല്‍ പ്രദര്‍ശനത്തിനെത്തിയ അഴകാന നാട്കള്‍ എന്ന ചിത്രം. എന്നാല്‍ ഇത് മലയാള ചിത്രത്തിന്‍റെ റീമേക്ക് ആണെന്നറിയാതെ ഒരു സിനിമയില്‍ നായകനായിട്ടുണ്ടെന്നും സുന്ദര്‍ സി പറയുന്നു. അറണ്‍മണൈ 4 ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

സുരാജിന്‍റെ സംവിധാനത്തില്‍ താന്‍ നായകനായി 2006 ല്‍ പുറത്തെത്തിയ തലൈ നഗരം എന്ന ചിത്രത്തെക്കുറിച്ചാണ് സുന്ദര്‍ സി പറയുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ അമ്മയാണ് ഇത് റീമേക്ക് ആണെന്ന് പറയുന്നതെന്നും. "തലൈ നഗരം ഒരു റീമേക്ക് ആണെന്ന് വര്‍ഷങ്ങളോളം എനിക്ക് അറിയില്ലായിരുന്നു. നിങ്ങള്‍ വിശ്വസിക്കില്ല. സുരാജിന്‍റെ (സംവിധായകന്‍) പണിയാണ് അത്. എന്‍റെ അമ്മയ്ക്ക് 92 വയസുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയാണ് പറഞ്ഞത് എടാ നീയൊരു മോഹന്‍ലാല്‍ പടം ചെയ്തില്ലേ, ആ പടമൊന്ന് ഇട് കാണട്ടെ എന്ന്. അത് മോഹന്‍ലാല്‍ പടമല്ലല്ലോ, തലൈനഗരം ഒറിജിനല്‍ ചിത്രമല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതെടുത്ത് കണ്ട് നോക്കാന്‍ പറഞ്ഞു. അതുകേട്ട് ഞാന്‍ ഞെട്ടി. ആ ചിത്രത്തിന്‍റെ നായകനും നിര്‍മ്മാതാവും ആയിരുന്നിട്ടും ഇക്കാര്യം ഞാന്‍ അറിഞ്ഞില്ല. ആ സിനിമയുടെ ഷൂട്ടിംഗിന് മുന്‍പുള്ള ചര്‍ച്ചയില്‍ ഇതൊന്നുമറിയാതെയാണ് ഞാന്‍ പങ്കെടുത്തത്. അമ്മ പറഞ്ഞതിന് ശേഷമാണ് ആ സിനിമയുടെ ടൈറ്റില്‍ നോക്കി, വിക്കിപീഡിയയില്‍ നോക്കിയത്. അതുതന്നെ തലൈനഗരം", സുന്ദര്‍ സി പറയുന്നു. 

ടി ദാമോദരന്‍റെ സംവിധാനത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചിത്രം അഭിമന്യുവിനെക്കുറിച്ചാണ് സുന്ദര്‍ സി പറയുന്നത്. അഭിമന്യുവിന്‍റെയും തലൈ നഗരത്തിന്‍റെയും കഥ ഒന്നാണ്. സുരാജിനോട് ഇക്കാര്യം സംസാരിച്ചോ എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് സുന്ദര്‍ സിയുടെ മറുപടി ഇങ്ങനെ- "ഇനി ചോദിച്ചിട്ട് എന്ത് കാര്യം? തലൈനഗരത്തിന്‍റെ റീമേക്ക് റൈറ്റ്സ് വാങ്ങി തെലുങ്കില്‍ റീമേക്കും ചെയ്യുകയുണ്ടായി", സുന്ദര്‍ സി പറഞ്ഞ് നിര്‍ത്തുന്നു.

ALSO READ : ദുല്‍ഖറിന് പകരം? 'തഗ് ലൈഫി'ല്‍ കമല്‍ ഹാസനൊപ്പമെത്തുന്ന ആ താരം ആരെന്ന് പ്രഖ്യാപിച്ച് മണി രത്നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം