വിവാഹത്തെക്കുറിച്ചുള്ള ജയ ബച്ചന്‍റെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

പുതിയ കാലത്ത് കാലഹരണപ്പെട്ട സങ്കല്‍പമാണ് വിവാഹമെന്ന് മുതിര്‍ന്ന ബോളിവുഡ് താരം ജയ ബച്ചന്‍. ചെറുമകള്‍ നവ്യ നവേലി നന്ദ വിവാഹിതയാവണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ജയ ബച്ചന്‍ പറഞ്ഞു. വി ദ വിമെണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എങ്ങനെയാണ് മക്കളെ വളര്‍ത്തുകയെന്ന് യുവതികളായ അമ്മമാരെ ഉപദേശിക്കാന്‍ തന്‍റെ പ്രായത്തിലുള്ള ഒരാള്‍ക്ക് സാധിക്കില്ലെന്നും ഇപ്പോഴത്തെ കുട്ടികള്‍ മിടുക്കരാണെന്നും ജയ ബച്ചന്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ജയ ബച്ചന്‍റെ അഭിപ്രായ പ്രകടനം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചായിട്ടുണ്ട്.

വിവാഹത്തിന് ശേഷം ചെറുമകളായ നവ്യ നവേലി നന്ദ കരിയര്‍ ഉപേക്ഷിക്കുന്നത് കാണാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിനാണ് നവ്യ വിവാഹം കഴിക്കുന്നതിനോടേ തനിക്ക് താല്‍പര്യമില്ലെന്ന് ജയ ബച്ചന്‍ പറഞ്ഞത്. വിവാഹം കാലഹരണപ്പെട്ട ഒരു സ്ഥാപനമായി തോന്നുന്നുണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ജയ ബച്ചന്‍റെ മറുപടി. ഞാന്‍ ഇന്നൊരു മുത്തശ്ശിയാണ്. “ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നവ്യയ്ക്ക് 28 വയസ് ആവും. മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് പുതുതലമുറ യുവതികളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. കാര്യങ്ങള്‍ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ വളരെ സ്മാര്‍ട്ട് ആണ്, ഒരുപക്ഷേ നിങ്ങളേക്കാളും”, ജയ ബച്ചന്‍ പറഞ്ഞു.

വിവാഹമെന്ന സ്ഥാപനത്തെക്കുറിച്ച് സ്വന്തം അനുഭവത്തിലൂന്നി ജയ ബച്ചന്‍ സംസാരിച്ചത് ഇങ്ങനെ. “ദില്ലി കാ ലഡു പോലെയാണ് വിവാഹം. നിങ്ങള്‍ അത് കഴിച്ചാല്‍ പ്രശ്നമുണ്ടാകും. എന്നാല്‍ കഴിച്ചില്ലെങ്കിലോ നിങ്ങള്‍ക്ക് നഷ്ടബോധവും തോന്നും”. നിയമപരമായ സാധുതയല്ല ഒരു വിവാഹബന്ധത്തെ നിര്‍വചിക്കേണ്ടതെന്നും ജീവിതം ആസ്വദിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍‍ത്തു. വിവാഹത്തെക്കുറിച്ചുള്ള സ്വന്തം സങ്കല്‍പം തന്നെയാണ് ഭര്‍ത്താവ് അമിതാഭ് ബച്ചനും ഉള്ളത് എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെ- “ഇതുവരെ ഞാന്‍ അത് ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചാല്‍ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം എന്നാവും അദ്ദേഹം പറയുക. പക്ഷേ അത് അദ്ദേഹത്തില്‍ നിന്ന് എനിക്ക് കേള്‍ക്കണമെന്നില്ല”, ജയ ബച്ചന്‍ പറഞ്ഞു.

1973 ല്‍ ആയിരുന്നു ജയ ബച്ചന്‍റെയും അമിതാഭ് ബച്ചന്‍റെയും വിവാഹം. ഹൃഷികേശ് മുഖര്‍ജിയുടെ ഗുഡ്ഡി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യം കാണുന്നത്. അമിതാഭ് ബച്ചന്‍റെയും ജയ ബച്ചന്‍റെയും മകള്‍ ശ്വേത ബച്ചന്‍റെ മകളാണ് നവ്യ നവേലി നന്ദ.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്