താന്‍ അഭിനയിച്ച 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ പരാജയം 100 ശതമാനവും മുന്‍കൂട്ടി കണ്ടിരുന്നുവെന്നും. സിനിമ നന്നായിട്ടില്ലെന്ന് അറിഞ്ഞിട്ടും നിര്‍മ്മാതാവിന് വേണ്ടിയാണ് പ്രൊമോഷനുകളില്‍ സഹകരിച്ചതെന്നും അഖില്‍

താന്‍ അഭിനയിച്ച മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന സിനിമയുടെ അണിയറക്കാരെ വീണ്ടും വിമര്‍ശിച്ച്. സിനിമയുടെ പരാജയം 100 ശതമാനവും താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റില്‍ അഖില്‍ മാരാര്‍ പറയുന്നു. സിനിമ നന്നായി വന്നിട്ടില്ലെന്ന് ബോധ്യമായിട്ടും നിര്‍മ്മാതാവിനുവേണ്ടിയാണ് താന്‍ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ സഹകരിച്ചതെന്ന് അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സംവിധായകന്‍ ബാബു ജോണ്‍ രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് ആള് കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖിൽ മാരാരുടെ പ്രസ്താവനയെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പുതിയ പോസ്റ്റ്. അണിയറക്കാരില്‍ ഒരാളോട് ചിത്രത്തിന്‍റെ ആദ്യ എഡിറ്റ് കണ്ടതിന് ശേഷം താന്‍ സംസാരിച്ച കോള്‍ റെക്കോര്‍ഡും അഖില്‍ മാരാര്‍ പോസ്റ്റിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.

അഖില്‍ മാരാരുടെ കുറിപ്പ്

സിനിമയുടെ വിധി എന്താകും എന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലേ എന്ന് പലരും ചോദിച്ചു. 100% മുൻകൂട്ടി കണ്ടു. മോശമാണെന്നും പരാജയപ്പെടും എന്നും പല ആവർത്തി ഞാൻ പറഞ്ഞപ്പോഴും ഇതൊരു മികച്ച സിനിമ ആണെന്ന അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസമാണ്.. അതിലുപരി എനിക്ക് സമൂഹത്തിൽ കേൾക്കേണ്ടി വരുന്ന പരിഹാസത്തേക്കാൾ നിർമ്മാതാവിന് എന്നാൽ കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ഞാൻ ചെയ്തു കൊടുത്തത്. 22 ദിവസം 5 ലക്ഷം രൂപ എനിക്ക് തന്നു എന്ന് പറയുന്നവർ തിരിച്ചു ഞാൻ എന്ത് ചെയ്തു കൊടുത്തു എന്ന് പറഞ്ഞിട്ടില്ല.

ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന ട്രെയിലർ ലോഞ്ച് ഞാൻ ചെയ്തു കൊടുത്തു. സോംഗ് ഞാൻ വിറ്റ് കൊടുത്തു. 100 ഫ്ളക്സ് 3 ലക്ഷം, 2 ഹോർഡിങ്‌സ് (മൈ ജി) -1 ലക്ഷം, ഒരു രൂപ ചിലവില്ലാതെ ഓൺലൈൻ പ്രൊമോഷൻ. ലാലേട്ടൻ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പലരുടെയും സോഷ്യൽ മീഡിയ പോസ്റ്റ്‌. അതിനേക്കാൾ ഉപരി കാശ് വാങ്ങി അതിഥി ആയി പോകേണ്ട ബിഗ്‌ബോസിൽ ഫ്രീ ആയി പോയി സിനിമയ്ക്ക് പ്രൊമോഷൻ. (ടിക്കറ്റ് എടുത്തു തന്നില്ലെങ്കിൽ ബിഗ് ബോസ്സ് പ്രൊമോഷൻ വേണ്ട എന്ന് പറഞ്ഞപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് പ്രോഡൂസർ തന്നു. ഞാൻ ചെന്നൈ നഗരത്തിൽ കിടന്ന് ഉറങ്ങട്ടെ എന്ന് കരുതി ഹോട്ടൽ പോലും നൽകാൻ നിർമാതാക്കൾ ശ്രമിച്ചില്ല)

NB : നായകൻ പോലും അല്ലാത്ത എനിക്ക് വേണമെങ്കിൽ പ്രൊമോഷൻ ചെയ്യാതെ എല്ലാം തലയിൽ നിന്നും ഊരി മാറി നില്‍ക്കാമായിരുന്നു. ഞാനത് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നു നിർമാതാവ് പ്രസീജിന് അറിയാം. ഈ വിഷയത്തിൽ എന്നെ സ്നേഹിക്കുന്നവർ അറിയാൻ വേണ്ടി, ഫസ്റ്റ് എഡിറ്റ്‌ കണ്ട ശേഷം ഞാൻ പറഞ്ഞ കാര്യം പങ്കുവെക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming